Wednesday 1 January 2020

ഒരു കഥ സൊല്ലട്ടുമാ?


കോഴിക്കോട്ടെ  ഒരു ഗ്രാമത്തിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ദിവസക്കൂലിക്ക് പെയിന്റിംഗ് ജോലി ചെയ്യുന്ന, പത്താം ക്ലാസ് വരെ മാത്രം പഠിപ്പുള്ള ഒരു ചെറുപ്പക്കാരന് പെട്ടെന്നൊരുനാൾ ഒരു മോഹമുണ്ടാകുന്നു - അന്നത്തെ രാഷ്‌ട്രപതി ശ്രീ. അബ്ദുൽ കലാമിനെ ഒന്ന്  നേരിട്ടുകാണണമെന്ന്. കേട്ടാൽ ആരായാലും ഇതിനെ എന്തുവിളിക്കും? അതിമോഹം? അഹങ്കാരം? ഭ്രാന്ത്? കഥയില്ലായ്മ?

നാട്ടിലെ തുച്ഛമായ വരുമാനംകൊണ്ടു വീട് പുലരാൻ നിവൃത്തിയില്ലാത്തതുകൊണ്ട് എങ്ങനെയെങ്കിലും ഒന്ന് രക്ഷപെടാൻ വേണ്ടി സൗദിയിൽ പോകുക. വീട്ടിലേക്കയച്ചുകൊടുക്കാൻ പോലും ബാക്കിയില്ലാത്തവിധം തുച്ഛമായ ശമ്പളത്തിൽ അവിടെ ജോലി ചെയ്യുമ്പോൾ സാക്ഷാൽ അബ്ദുള്ള രാജാവിനെ ഒന്ന് കാണണം എന്നൊരു ആഗ്രഹം വരുക. വീണ്ടും അതിമോഹം?

ഒടുവിൽ താൻ വരച്ച ചിത്രങ്ങൾ അബ്ദുള്ള രാജാവിനു നേരിട്ടു സമ്മാനിക്കാൻ ഒരവസരം ലഭിക്കുക. അതിനുവേണ്ടി രാവു പകലാക്കി ഇരുപത്തഞ്ചോളം ചിത്രങ്ങൾ വരക്കുക. പക്ഷെ നേരിട്ടു കാണേണ്ടതിന്റെ കൃത്യം തലേദിവസം ഒരു വെള്ളപ്പൊക്കത്തിൽ താൻ വരച്ച ചിത്രങ്ങൾ ഒന്നുപോലും ബാക്കിയില്ലാതെ ഒലിച്ചുപോകുന്നത് കാണേണ്ടിവരിക. ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാനുള്ള എല്ലാ സാഹചര്യവുമുണ്ട് അല്ലേ?

സ്കൂളിൽ തോറ്റപ്പോൾ ജയിച്ചു വന്നാൽ മതി എന്നുപറഞ്ഞു അച്ഛൻ വീട്ടിൽ നിന്ന് പുറത്താക്കുക, കഷ്ടപ്പെട്ട് ജയിച്ചു കഴിഞ്ഞു പ്രീഡിഗ്രിക്ക് ചേരുക, ഫീസ് കൊടുക്കാൻ ഇല്ലാതാകുക, ഒടുക്കം പഠിപ്പ് അവസാനിപ്പിച്ച് പെയിന്റിംഗ് ജോലിയിലേക്ക് പോകുക. നമ്മൾ കേൾക്കുന്ന അല്ലെങ്കിൽ നമ്മളറിയുന്ന ഒരുപാടുപേരുടെ കഥകളിൽ ഒന്ന് അല്ലേ?
*********************************************************************************************************
നമ്മൾ ഉദ്ദേശിച്ച ഒരു കാര്യം നടക്കാതെ വരുമ്പോൾ, അതുമല്ലെങ്കിൽ ഒരു ശ്രമം പരാജയപ്പെടുമ്പോൾ ഒക്കെ സ്വാഭാവികമായും നമുക്കുതോന്നും ഈ ലോകം മുഴുവൻ നമുക്കെതിരാണെന്ന് അല്ലെങ്കിൽ ഈ പരാജയത്തിന്റെ പടുകുഴിയിൽ നിന്ന് നമുക്കൊരു ഉയിർത്തെഴുന്നേൽപ്പില്ല എന്ന്. എന്നാൽ യാദൃശ്ചികമായി നമ്മൾ പരിചയപ്പെടുന്ന ചില വ്യക്തിത്വങ്ങൾ നമ്മുടെ കാഴ്ചപ്പാടുകളെത്തന്നെ മാറ്റിമറിക്കും. അങ്ങനെയുള്ള ഒരാളെ പരിചയപ്പെട്ടതിന്റെ കഥ പറയാം. മുൻപൊരിക്കൽ എഴുതിയതുപോലെ, കുന്ദലഹള്ളി കേരള സമാജത്തിന്റെ ഓണാഘോഷം കഴിഞ്ഞ ഒക്ടോബറിലായിരുന്നു. അന്ന് ഓരോ കലാപരിപാടികൾ നടക്കുന്നതിനിടയിൽ സ്റ്റേജിന്റെ ഒരു മൂലയിൽ നിന്ന് ഒരാൾ 'ലൈവ് പെയിന്റിംഗ്' ചെയ്യുന്നുണ്ടായിരുന്നു. ഒരു കോളേജ് വിദ്യാർഥിയെപ്പോലെ തോന്നിപ്പിക്കുന്ന, വളരെ സൗഹാർദ്ദപരമായി സംസാരിക്കുന്ന ഒരു സാധാരണ മനുഷ്യൻ. ഏതാനും മിനിറ്റുകൾക്കുള്ളിൽതന്നെ വലിയൊരു ക്യാൻവാസിൽ മഹാബലിയും, ആനയും, ചെണ്ടമേളവുമെല്ലാം അടങ്ങുന്ന ഒരു മനോഹരചിത്രം അദ്ദേഹം വരഞ്ഞിട്ടു. താൻ കോഴിക്കോട് നിന്നുള്ള ഒരു 'ചെറിയ' കലാകാരനാണ്, ഇത്തരമൊരു അവസരം തന്നതിന് എല്ലാവരോടും നന്ദിയുണ്ടെന്നും പറഞ്ഞു അദ്ദേഹം വേദി വിടുകയും ചെയ്തു.

ആ ചിത്രത്തോട് തോന്നിയ വല്ലാത്തൊരു ഇഷ്ടംകൊണ്ടുമാത്രം പോകുന്നതിനു മുൻപ് അദ്ദേഹത്തോട് സംസാരിക്കുകയും പരസ്പരം ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്തു. അന്ന് കുറച്ചുസമയമേ സംസാരിച്ചുള്ളൂ എങ്കിലും ഒരു സുഹൃത്തിനോടുള്ള അടുപ്പം തോന്നിയതുകൊണ്ട്, പിന്നീടും അദ്ദേഹത്തോട് പലതവണ സംസാരിച്ചു. അപ്പോഴാണ് മനസ്സിലായത് ഈ 'ചെറിയ' കലാകാരന്റെ ശരിക്കുള്ള വലുപ്പം. ചെറിയൊരു നേട്ടം വന്നാൽപോലും വലിയ സംഭവമായി മേനി നടിച്ചു നടക്കുന്നവർക്കിടയിൽ, മനസ്സിന്റെ എളിമകൊണ്ടു വിസ്മയിപ്പിച്ച ആ മഹാനായ കലാകാരന്റെ പേരാണ് ശ്രീ. ഫിറോസ് അസ്സൻ. തുടക്കത്തിൽ ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ശ്രീ. ഫിറോസ് തന്റെ ജീവിതത്തിൽ നേരിടേണ്ടിവന്ന ഒരുപാടു പരീക്ഷണങ്ങളിൽ ചിലതുമാത്രമാണ്. ഈ കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ അദ്ദേഹം നടന്നുകയറിയത് എങ്ങോട്ടാണെന്നതിന്റെ ചില ഉദാഹരണങ്ങൾ മാത്രം താഴെ കൊടുക്കുന്നു.
  • VVIP പാസ്സുമായി ഡോക്ടർ APJ അബ്ദുൽ കലാമിനെ നേരിട്ടുകണ്ടു സംസാരിക്കുക
  • ലണ്ടൻ മ്യൂസിയം, ബിസിസിഐ/ ഐസിസി ഓഫീസുകൾ എന്നിവിടങ്ങളിൽ ചിത്രങ്ങൾ സ്ഥാനം പിടിക്കുക
  • കേരളത്തിലെ ഒരു വലിയ എഞ്ചിനീയറിംഗ് കോളേജിൽ ആറു വർഷമായി ക്‌ളാസെടുക്കുക
  • കണ്ണൂരിന്റെ ചരിത്രം മുഴുവൻ പ്രതിപാദിക്കുന്ന എയർപോർട്ടിലെ 69m നീളമുള്ള പെയിന്റിംഗ് (ഒരുപക്ഷെ കേരളത്തിലെ ഏറ്റവും വലുത്) 
  • കൊച്ചിയിൽ ഒരു എക്സിബിഷൻ നടത്തുമ്പോൾ അത് ഉദ്ഘാടനംചെയ്യാൻവേണ്ടി മാത്രം എല്ലാ തിരക്കുകളും മാറ്റിവെച്ച് സൂപ്പർസ്റ്റാർ മമ്മൂട്ടി തൊടുപുഴയിൽനിന്ന് കാറോടിച്ചുവരുക
  • സച്ചിൻ മുതൽ കോഹ്ലിവരെയുള്ള ക്രിക്കറ്റ് താരങ്ങളെ നേരിട്ടുകണ്ടു തൻ വരച്ച ചിത്രങ്ങൾ സമ്മാനിക്കുക
  • മോഹൻലാൽ മുതൽ പൃഥ്വിരാജ് വരെയുള്ളവരുടെ വീടിന്റെ ചുമരുകളെ അലങ്കരിക്കുന്ന മനോഹര ചിത്രങ്ങൾ വരച്ചു നൽകുക
  • 2022 വേൾഡ് കപ്പ് ഫുട്ബോൾ നടക്കുന്ന ഖത്തർ സ്റ്റേഡിയത്തിൽ ഇടം പിടിക്കാൻ പോകുന്ന ഇന്ത്യക്കാരന്റെ ഏക പെയിന്റിംഗ്

എഴുതാനാണെങ്കിൽ ഇനിയും ഒരുപാടുണ്ട് അതുകൊണ്ടു അതിനു മുതിരുന്നില്ല. നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും, വന്ന വഴികൾ മറക്കാതിരിക്കുകയും, എളിമയാണ് ഏറ്റവും വലിയ തെളിമ എന്നോർമിപ്പിക്കുന്ന പെരുമാറ്റംകൊണ്ട് എന്നെ വിസ്മയിപ്പിക്കുകയും ചെയ്ത ഈ കലാകാരനെ പരിചയപ്പെട്ടതായിരിക്കണം ഒരുപക്ഷെ പോയവർഷത്തെ എന്റെ ഏറ്റവും ദീപ്തമായ ഓർമ്മകളിലൊന്ന്.

നല്ലൊരു കാര്യം പറഞ്ഞുകൊണ്ട് പുതുവർഷം തുടങ്ങണം എന്ന് നിര്ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്ര ദീർഘമായി എഴുതിയത്.

വെറുപ്പും, വിദ്വേഷവുമല്ല സ്നേഹവും നന്മയും എല്ലാവരുടെയും ജീവിതത്തിൽ നിറയട്ടെ!

"നിങ്ങളൊരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും" - ലോക പ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ്​ലോയുടെ പ്രസിദ്ധമായ ആല്‍ക്കെമിസ്റ്റ് എന്ന നോവലിലെ വാക്കുകളാണിത്

സ്വപ്‌നങ്ങൾ കണ്ടുകൊണ്ടേയിരിക്കുക, അതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കുക!

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!!!
****************************************************************************************************
(ശ്രീ. ഫിറോസിനെപ്പറ്റി കൂടുതലറിയാനും, അദ്ദേഹം വരച്ച ചിത്രങ്ങൾ കാണാനും ലിങ്ക് മുകളിൽ കൊടുക്കുന്നു)

33 comments:

  1. വളരെ പ്രചോദനം തോന്നിക്കുന്ന വരികൾ നല്ല എഴുത്ത്

    ReplyDelete
    Replies
    1. നന്ദി ചേട്ടാ. അതെ ശരിക്കും പ്രചോദനാത്മകമായൊരു വ്യക്തിത്വമാണ് ശ്രീ. ഫിറോസിന്റേത്..

      Delete
  2. ഈ ആത്മ ധൈര്യം ആണ് പലർക്കും ഇല്ലാത്തത്... ഒരു അടി കിട്ടുമ്പോഴേക്കും മനം മടുത്തു ആത്മഹത്യ ചെയ്യുന്ന ഈ തലമുറയുടെ യുവത്വത്തിന് ഈ കാര്യങ്ങൾ അറിയില്ല...
    ഈ വ്യക്തിയെ പരിചയപ്പെടുത്തിയതിൽ സന്തോഷം...

    ReplyDelete
    Replies
    1. വിജയിയെകണ്ട് അത്ഭുതപ്പെടുകയും അസൂയപ്പെടുകയും ചെയ്യുക എന്നതിനപ്പുറം, വിജയത്തിലേക്കുള്ള വഴികൾ എല്ലായ്പ്പോഴും കല്ലും മുള്ളും നിറഞ്ഞതാണെന്ന് ആരും ഓർക്കുന്നില്ല.

      Delete
  3. സ്വപ്‌നങ്ങൾ കണ്ടുകൊണ്ടേയിരിക്കുക, അതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കുക!

    മനോഹരമായ പോസ്റ്റ്‌... പറയാൻ വാക്കുകളില്ല. ഉന്മേഷദായകമായ ഈ പോസ്റ്റ്‌ വായിച്ചതിന്റെ ഉന്മേഷത്തിൽ ദാ പിടിച്ചോ പുതുവത്സരാശംസകൾ...

    ReplyDelete
    Replies
    1. അതെ നല്ല സ്വപ്‌നങ്ങൾ ഉണ്ടാകട്ടെ അത് നേടാനുള്ള പരിശ്രമങ്ങൾ ഉണ്ടാകട്ടെ.. അങ്ങനെ ലോകം സുന്ദരമാകട്ടെ. സുധിക്കും കുടുംബത്തിനും ഒരു നല്ല പുതുവത്സരം നേരുന്നു!

      Delete
  4. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്തു മുന്നേറാൻ ഉൾക്കരുത്ത് നൽകുന്ന പോസ്റ്റ്‌ .. ഇത്തരം ഒരു പോസ്റ്റ്‌ ഒരുക്കിയതിനും ഈ ചിത്ര കാരനെ പരിചയപ്പെടുത്തിയതിനും നന്ദി

    ReplyDelete
    Replies
    1. ശരിക്കും അദ്ദേഹത്തിന്റെ കഥകൾ അറിഞ്ഞപ്പോൾ ഞാനും ഒരുപാടു ആവേശഭരിതനായിപ്പോയി. അതുകൊണ്ടുതന്നെയാണ് എല്ലാവരെയും അറിയിക്കണം എന്നുതോന്നിയത്. നമുക്കും നല്ല സ്വപ്‌നങ്ങൾ കാണാൻ ഇത് പ്രചോദനമാകട്ടെ!!!

      Delete
  5. മഹൂ..ഫിറോസിനെ മനസിൽ സൂക്ഷിക്കുന്നു.ജീവതം വരച്ചു നേടിയ ഫിറോസിനെ നീ അക്ഷരങ്ങളിൽ അതി ഗംഭീരമായി വരച്ചു.ഫ്രോസിന്റേത് പോലെ നിന്റെ ഉള്ളിലുള്ള നന്മയുമുണ്ട് നീ മറ്റൊരാളിലെ നന്മയെ വരച്ചിട്ട ഈ വരികളിൽ.
    ചാർജ്ജ് വറ്റാറായൊരു ബാറ്ററില് നീ ചാർജ്ജ് നിറച്ചു...വെടിയിട്ടാ പൊട്ടാത്ത കരിംപാറയെ നീയൊന്നനക്കി
    ഹും
    പറ നിനക്കെന്ത് വേണം??
    സലാം ഭടാ. കട്ട ഇഷ്ടം

    ReplyDelete
    Replies
    1. പെരുത്തിഷ്ടം മാധവേട്ടാ <3 ഇളകിയ കരിമ്പാറയിൽ നിന്ന് കന്മദം ഒഴുകിവരട്ടെ.

      എനിക്ക് എന്തുവേണം എന്നുചോദിച്ചാൽ, കുറച്ചു നല്ല സ്വപ്‌നങ്ങൾ വേണം, അത് നേടാനുള്ള പരിശ്രമം വേണം, അത് നേടിക്കഴിയുമ്പോൾ ആ ചുണ്ടിൽ വിടരുന്നൊരു പുഞ്ചിരിവേണം :-)

      Delete
    2. നിനക്ക് വേണ്ടതിൽ ആദ്യത്തെ രണ്ടും നീ നേടിയവനാണ്..
      അവസാനത്തേത്,പുഞ്ചിരി
      അത് നേടേണ്ടതല്ല..നൽകേണ്ടതാണ്.
      അതുകൊണ്ട്..നീ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
      പോയി വരൂ വത്സാ.

      Delete
    3. ചോദ്യം "നിനക്കെന്തുവേണം?" എന്നായതുകൊണ്ടു ഞാൻ ഉദ്ദേശിച്ചത്, നല്ല സ്വപ്നങ്ങളും, അതിനുള്ള പരിശ്രമവും അത് നേടിക്കഴിയുമ്പോളുള്ള പുഞ്ചിരിയും എല്ലാം ഈ കമന്റ് ഇട്ട ആളിന്റെ ഭാഗത്തുനിന്നുവേണം എന്നാണ്. ;-) എന്റെ ആഗ്രഹം സാധിച്ചു തരില്ലേ? തരില്ലേ?

      Delete
  6. പുതിയ വർഷത്തിലേക്കു കടക്കാൻ ഇതില്പരം പ്രചോദനം എന്തുവേണം?? ശ്രീ.ഫിറോസിനെ പരിചയപ്പെടുത്തിയതിനു നന്ദി മഹേഷ്‌..

    ReplyDelete
    Replies
    1. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കഥകളുടെ കാലമല്ലേ.. അതുകൊണ്ടുതന്നെ സ്വപ്നങ്ങളുടെയും, പ്രതിസന്ധികളിൽ തളരാത്ത തങ്കം പോലൊരു മനസ്സിന്റെയും കഥ പറഞ്ഞുകൊണ്ട് പുതുവർഷത്തെ വരവേൽക്കാം എന്നുകരുതി :-) നല്ല ഒരു പുതുവർഷമാകട്ടെ എന്നാശംസിക്കുന്നു സൂര്യ!!

      Delete
  7. ഫിറോസ് അസ്സൻ ചിത്രം വരയ്ക്കുന്നത് ഞാനും ശ്രദ്ദിച്ചിരുന്നു. ഒരുപാട് പ്രമുഖരെ പരിചയപ്പെടാൻ കഴിഞ്ഞ വ്യക്തിയാണെന്ന് കേട്ടിട്ടുമുണ്ട്. പക്ഷെ അതിനു പിന്നിൽ ഇത്രയും കഷ്ടപ്പാടുകളും ത്യാഗങ്ങളും ഉണ്ടായിരുന്നെന്ന് ഇപ്പോഴാണ് മനസ്സിലായത്. അസ്സനെക്കുറിച്ചുള്ള എഴുത്ത് അസ്സലായി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകളിൽ ഒന്നായി ഇത്. അഭിനന്ദനങ്ങൾ..

    ReplyDelete
    Replies
    1. നന്ദി അജിത്ത്. അതെ നമ്മൾ അന്ന് കണ്ട, മിതഭാഷിയും, വിനയാന്വിതനുമായ ആ ചെറുപ്പക്കാരൻ ഇത്ര വലിയൊരു കഥ തന്റെ ഉള്ളിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് ആരും കരുതിയില്ല. ശുഭാപ്തിവിശ്വാസത്തിന്റെ ഒരു സ്കൂൾ ആണ് അദ്ദേഹം :-)

      Delete
  8. സ്വപ്‌നങ്ങൾ കണ്ടുകൊണ്ടേയിരിക്കുക, അതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കുക!

    കൊണ്ടിരിക്കാം.

    നന്നായി എഴുതി. ഇഷ്ടായി. ഞാനാദ്യമായാണ് ഈ ഫിറോസിനെ പറ്റി കേൾക്കുന്നത്. അതിന് ഒരു അവസരം ഉണ്ടാക്കി തന്നതിന് നന്ദി നമസ്കാരം. കുറേ കഷ്ടപ്പാട് സഹിച്ചവർക്കേ എന്നും ഉയരങ്ങളിൽ എത്താൻ സാധിച്ചിട്ടുള്ളു.

    ReplyDelete
    Replies
    1. വിജയത്തിലേക്കുള്ള വഴി എത്ര കഠിനമാണെന്നും, ചെറിയ തിരിച്ചടികളിൽ തളരാതിരിക്കണമെന്നും നമ്മെ പഠിപ്പിക്കുന്നത് ഇതുപോലെ ചിലരുടെ ജീവിതമാണല്ലോ! ആദിയുടെ നാട്ടുകാരൻ കൂടിയാണ് അതിന്റെ പേരിൽ സ്വകാര്യമായി ഒന്നഭിമാനിക്കുകയും, അഹങ്കരിക്കുകയും കൂടി ആവാം വേണമെങ്കിൽ :-)

      Delete
  9. ഇദ്ദേഹത്തെ കുറിച്ച് മുമ്പ് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും ഒന്നും അറിയില്ലായിരുന്നു. പ്രതീക്ഷയോടെ ഒരു പുതുവത്സരം ആരംഭിക്കാൻ ഇതിലും മികച്ച ഒരു പ്രചോദനം ഇല്ല എന്നേ പറയാനുള്ളൂ. നല്ല എഴുത്ത്. ഇഷ്ടപ്പെട്ടു. ഇനിയും വരാം :)

    ReplyDelete
    Replies
    1. ആദ്യം കണ്ടപ്പോൾ ഇത്ര വലിയൊരു കഥ ആ ചിരിക്കുന്ന മുഖത്തിന് പിന്നിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും എന്ന് ഞാനും കരുതിയില്ല. :-)

      Delete
  10. ഞാനിത് എഫ് ബിയിൽ വായിച്ചിരുന്നു. കുറെ അധികം സ്വപ്നം കണ്ട്, അത് എത്തിപിടിച്ചവർക്ക്, വന്ന വഴി ഓർമ്മയുള്ളവർ വളരെ സിംപിൾ ആയിരിക്കും

    ReplyDelete
    Replies
    1. അതെ ഒരുപാട് സ്വപനങ്ങൾ കണ്ടു അതിനുവേണ്ടി ഒരുപാടു കഷ്ടപ്പെട്ടവർക്ക് വന്ന വഴികൾ മറക്കാൻ ബുദ്ധിമുട്ടാണ്... അത്തരത്തൊലൊരാളാണ് ശ്രീ. ഫിറോസും

      Delete
  11. നമ്മുടെ സ്വപ്ന സാക്ഷാത്കാരത്തിന് വിഘാതമായി നിൽക്കുന്നത് മിക്കപ്പോഴും നാം തന്നെയാണ്. തോൽക്കുമോ എന്ന ഭയം, ആത്മവിശ്വാസമില്ലായ്മ എന്നിവയുടെ കൂടെ മറ്റ് പ്രതികൂല സാഹചര്യങ്ങളും വരുമ്പോൾ മിക്കവാറും പേർ സ്വപ്നങ്ങൾ വേണ്ടെന്ന് വെക്കും.

    എന്നാൽ ശ്രീ ഫിറോസിനെപ്പോലെ ചിലർ ഏത് പ്രതികൂല സാഹചര്യങ്ങളിലും പതറാതെ മുന്നോട്ട് തന്നെ നടക്കും. വേണ്ടെന്ന് വെക്കാൻ ഏറ്റവും എളുപ്പമാണെങ്കിലും അതിന് മുതിരാതെ സർവ്വ ശക്തിയോടെ പയറ്റും. അത്തരക്കാർ നേട്ടങ്ങൾ കൊയ്യുമ്പോൾ നാം അന്തിച്ചിരിക്കും - ഇതെങ്ങനെ സാദ്ധ്യമാകുന്നു എന്ന് ...

    ഇദ്ദേഹത്തിന്റെ കഥ പങ്കുവെച്ചതിന് നന്ദി. ഒരു പാടു പേർക്ക് പ്രചോദനമാവട്ടെ എന്ന് ആശിക്കുന്നു. നന്മകൾ നേരുന്നു...

    ReplyDelete
    Replies
    1. ചേച്ചി പറഞ്ഞത് നൂറു ശതമാനം ശരിയാണ്. അങ്ങനെ ഒന്ന് പൊരുതിനോക്കാൻപോലും തയ്യാറാകാതെ ചെറിയ പരാജയങ്ങളിൽ കീഴടങ്ങി നിരാശയുടെ പടുകുഴിയിലേക്ക് സ്വയം പതിക്കുന്നവരുടെ ഇടയിൽ ശ്രീ. ഫിറോസിനെപ്പോലുള്ളവരുടെ കഥകൾ കേൾക്കുന്നത് നമുക്കെല്ലാം ഒരു പ്രതീക്ഷയാണ്!

      Delete
  12. ഇന്നത്തെ കുട്ടികൾക്ക് നല്ലൊരു പാഠമാണ് Firosinte jeevithachithram.
    Ezhuthiyath nannayi.
    Asamsakal

    ReplyDelete
    Replies
    1. തീർച്ചയായും സാർ. ഇങ്ങനത്തെ നല്ല പാഠങ്ങൾ പഠിക്കുന്ന കുട്ടികൾ ഒരിക്കലും പരീക്ഷയിൽ തോട്ടത്തിനോ മാർക്ക് കുറഞ്ഞതിനോ ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കില്ല. ഓരോ പരാജയവും വരാനിരിക്കുന്ന വലിയ വിജയങ്ങളുടെ മുന്നോടിയാണ് എന്നല്ലേ?

      Delete
  13. ഏവർക്കും പ്രചോദനമാകുന്ന ജീവിതം നന്നായി എഴുതി മഹേഷ്.

    ReplyDelete
    Replies
    1. നന്ദി ഗിരിജചേച്ചീ.. ശരിക്കും പ്രചോദനാത്മകമായൊരു ജീവിതമാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ടാണ് എല്ലാവരുമായി പങ്കുവെക്കാമെന്നു കരുതിയത്. :-)

      Delete
  14. ഒരുപാട് ശ്രമിച്ചിട്ട് നടക്കാതെ വന്നാൽ നിരാശ വരും. പിന്നീട് വീണ്ടും ശ്രമിക്കും. വലിയ കലാകാരനെ പരിചയപ്പെടുത്തിയതിൽ സന്തോഷം

    ReplyDelete
    Replies
    1. നിരാശകളിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ ഇദ്ദേഹത്തെപ്പോലുള്ളവരുടെ കഥകൾ ഊർജ്ജമാകട്ടെ

      Delete
  15. ഈ പുതുവർഷത്തിൽ ഏവർക്കും പ്രചോദനമായി 
    നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും, വന്ന വഴികൾ മറക്കാതിരിക്കുകയും, എളിമയാണ് ഏറ്റവും വലിയ തെളിമ എന്നോർമിപ്പിക്കുന്ന പെരുമാറ്റംകൊണ്ട്  ഏവരെയും  വിസ്മയിപ്പിച്ച
    ഫിറോസ് അസ്സൻ എന്ന കലാകാരനെ  അസ്സലായി   പരിചയപ്പെടുത്തിയിരിക്കുകയാണ് മഹേഷ് ഇവിടെ ...
    അഭിനന്ദനങ്ങൾ കേട്ടോ ഭായ് 

    ReplyDelete
    Replies
    1. വായനക്ക് ഒരുപാടു സന്തോഷം മുരളിയേട്ടാ.. <3

      Delete
  16. ഞാനീ പോസ്റ്റ്‌ മുൻപ് വായിച്ചതാ.. അന്ന് കഷ്ടപ്പെട്ട് കമന്റ് ഒക്കെ ഇട്ടിട്ടുണ്ട്.. browser ലെ കുഴപ്പം കാരണമാണെന്ന് തോന്നുന്നു.. അത് publish ആയില്ല.

    അതെന്തായാലും ഞാൻ അന്ന് ഈ പോസ്റ്റ്‌ ഒക്കെ വായിച്ച് പുള്ളിയെപറ്റി കുറേ തപ്പിയിരുന്നു. Good post. Informative and inspirational. :)

    ReplyDelete