Thursday 7 November 2019

കൊളോണിലെ കാഴ്ചകൾ

ഒരു ജർമ്മനി യാത്രയുടെ ഓർമ്മ
****************************************************************************************
ഞാൻ താമസിച്ചിരുന്ന  സ്ഥലത്തുനിന്ന് കുറച്ചകലെയായി കൊളോൺ (Cologne) എന്നൊരു സ്ഥലമുണ്ട്. പേരുകേട്ടപ്പോൾ പണ്ട് ഗൾഫിൽനിന്ന് ആരെങ്കിലുംവരുമ്പോൾ കൊണ്ടുവരാറുള്ള യൂഡി കൊളോൺ സെന്റാണ് ഓർമ്മ വന്നത്.  കാര്യം പേരു ചെറുതാണെങ്കിലും യൂറോപ്പിലെ പ്രധാന നദികളിലൊന്നായ റയിൻ (Rhine) നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഏകദേശം രണ്ടായിരം വർഷം പഴക്കമുള്ളൊരു നഗരമാണ് ഈ കൊളോൺ. കേരളത്തിൽ തൃശൂർ എന്നുപറയുന്നതുപോലെ വേണമെങ്കിൽ ഒരു സാംസ്‌കാരിക തലസ്ഥാനമെന്നൊക്കെ വിളിക്കാവുന്ന കെട്ടും മട്ടുമൊക്കെ കൊളോണിനും ഉണ്ട്. എന്നാൽപ്പിന്നെ കണ്ടിട്ടുതന്നെ കാര്യം എന്നുകരുതി അങ്ങോട്ട് വച്ചുപിടിച്ചു.

കൊളോണിൽ ഏറ്റവും പ്രധാന ആകർഷണം വലിയൊരു കത്തീഡ്രൽ (അഥവാ പള്ളി) ആണ്. സ്റ്റേഷനിൽനിന്ന് ഇറങ്ങുമ്പോൾത്തന്നെ ആകാശം മുട്ടിനിൽക്കുന്ന ഗോപുരം കാണാം. അതുകൊണ്ടു വഴിയൊന്നും അന്വേഷിച്ചു കഷ്ടപ്പെടേണ്ടതില്ല.
കൊളോൺ കത്തീഡ്രൽ 
157 മീറ്റർ ഉയരമുള്ള ഒരു യമണ്ടൻ പള്ളി. കണ്ടാൽത്തന്നെ നമ്മൾ വിജൃംഭിതരായിപ്പോകും. ഈ കത്തീഡ്രൽ പണിതു തീരാൻ 600 വർഷമെടുത്തു എന്നാണ് ചരിത്രം. കാശില്ലാത്തതുകൊണ്ടു ഇടക്കുവെച്ചു പണിയെങ്ങാൻ നിർത്തിയതുകൊണ്ടാണോ ഇത്രയും സമയമെടുത്തത് എന്നൊന്നും എനിക്കറിയില്ല. സംഭവം യുനെസ്കോയുടെ പൈതൃകപട്ടികയിലൊക്കെ ഉള്ളതാണ്.
പക്ഷെ ഇതൊന്നുമല്ല രസകരമായ കാര്യം, രണ്ടാംലോക മഹായുദ്ധകാലത്ത് വിമാനത്തിൽനിന്ന് ഒരു പതിനാലു ബോംബും, പിന്നെ അവിടെയും ഇവിടെയും ഒക്കെയായി കരയിൽനിന്ന് ഒരു എഴുപതുബോംബും വന്നുപതിച്ചിട്ടും വലിയ കുഴപ്പങ്ങളൊന്നും പറ്റാതെ 'എന്നോടോ ബാലാ' എന്നുചോദിച്ചു പുല്ലുപോലെ നിന്നതാണത്രേ. എന്തായാലും നമ്മൾ പാലാരിവട്ടം പാലം പണിതപോലല്ല. അതുകൊണ്ടുതന്നെ ഇതുപണിത എഞ്ചിനീയർമാർക്ക് ഒരു സല്യൂട്ട്.
കത്തീഡ്രലിന്റെ പുറംകാഴ്ച്ച 
കത്തീഡ്രലിന്റെ ഉൾഭാഗത്തെ ജനലുകൾ മുഴുവൻ മനോഹരമായ  ചിത്രപ്പണികളാണ്. ഒരു കുർബാന നടക്കുന്ന സമയത്താണ് ഞാൻ അകത്തുകയറിയത്. അച്ചന്മാരൊക്കെ നല്ല ഇംഗ്ലീഷ് സിനിമയിലെ നായകന്മാരെപ്പോലെ ബ്ലൂടൂത്ത് സ്‌പീക്കറും മൈക്കും ഒക്കെവെച്ചു കിടിലൻ സെറ്റപ്പിലാണ് നടത്തം. കുർബാന ജർമൻ ഭാഷയിലായതുകൊണ്ടു ഒന്നും മനസ്സിലായില്ല. പിന്നെ 'യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലാ'ത്തതുകൊണ്ടു കാര്യങ്ങൾ ഏകദേശം ഊഹിച്ചു.
എന്തായാലും രസകരമായ ഒരു കാഴ്ച കണ്ടു. അത്യാവശ്യം വേണ്ടഭാഗങ്ങൾ മാത്രം മറച്ച ഒരു ടോപ്പ് ഇട്ടുവന്ന മദാമ്മയെയും, മൊത്തം കീറിയ ജീൻസ്‌ ഇട്ടുവന്ന ഒരു യൂത്തൻ പയ്യനെയും അച്ചൻ കണ്ടംവഴി ഓടിച്ചു. പെട്ടെന്ന് ഓർമവന്നത് നമ്മുടെ നാട്ടിലെങ്ങാനും ആയിരുന്നെങ്കിൽ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തലായി, ഫാസിസമായി, ചാനലുകളിൽ അന്തിചർച്ചയായി അങ്ങനെ ആകെ ജഗപൊക ആയേനെ.
എന്തായാലും രണ്ടുകാര്യങ്ങൾ മനസ്സിലായി എന്തൊക്കെ പരിഷ്ക്കാരം പറയുന്ന സായിപ്പിന്റെ നാടായാലും ഓരോ സന്ദർഭത്തിനും അനുയോജ്യമായ 'ഡ്രസ്സ് കോഡ്' മാനിക്കപ്പെടുന്നുവെന്നും, വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിരുകൾ സമൂഹത്തിന്റെ ചട്ടക്കൂടിന്റെ ഉള്ളിൽമാത്രമേ നിൽക്കുന്നുള്ളൂവെന്നും.
കത്തീഡ്രൽ ദർശനം കഴിഞ്ഞ് അതിനടുത്തുള്ള ഓൾഡ് ടൌൺ കാണാൻ പോയി. ഓൾഡ് ടൌൺ അത്ര സംഭവമൊന്നുമല്ല, ധാരാളം കടകൾ നിറഞ്ഞ ബാംഗ്ളൂരിലെ കൊമേർഷ്യൽ സ്ട്രീറ്റ് പോലെയോ, ചെന്നൈയിലെ ടി നഗർ പോലെയോ ഒക്കെയുള്ള ഒരുപാട് ആളുകളുള്ള ഒരു തെരുവ്. പക്ഷെ ഒരു വ്യത്യാസമുണ്ട്. ഇത്രയും ആളുകൾ വന്നിട്ട് ഒരുതുണ്ടു കടലാസുപോലും റോഡിൽ കാണാനുണ്ടായിരുന്നില്ല. ഓൾഡ് ടൗണിലേക്ക് പോകുന്ന വഴിയിൽ ഒരു 'മിനി ചൈന' തന്നെ കാണാൻപറ്റി.
ചൈനയിലേക്ക് സ്വാഗതം 
നിറയെ ചൈനീസ് കൊടികൾ, ചുവന്ന മേൽക്കൂരയുള്ള ടെന്റുകൾ/ഷാമിയാനകൾ, ആകാശത്തു പറക്കുന്ന ഹൈഡ്രജൻ നിറച്ച ചൈനീസ് വ്യാളീരൂപമുള്ള ബലൂണുകൾ, അങ്ങനെ മൊത്തം ചൈനാമയം.
എങ്ങും ചൈന മാത്രം 
വഴിതെറ്റി ഇനി വേറെ വല്ലയിടത്തും ചെന്നെത്തിയോ എന്ന് അന്തംവിട്ടിരിക്കുമ്പോളാണ് ഒരു വലിയ സ്റ്റേജും അതിൽ കുറെ ചൈനക്കാരെയും കണ്ടത്. സംഗതി വേറൊന്നുമല്ല ചൈന-കൊളോൺ ഫെസ്റ്റിവൽ ആണ്. സ്റ്റേജിൽ ഉഗ്രൻ കുങ്ഫൂ നടക്കുന്നു. അതുംകണ്ടു കുറച്ചുനേരം നിന്നു.
ലോകം മുഴുവൻ വിഴുങ്ങാൻ ആഗ്രഹിക്കുന്ന ചൈനീസ് വ്യാളി 
കൊളോൺ നഗരം മുഴുവൻ ഒരു ബോട്ടിൽ കൊണ്ടുനടന്നു കാണിക്കുന്ന ഒരു പരിപാടിയുണ്ട്.  ബോട്ട് എന്നുവെച്ചാൽ മൂന്നുനിലയുള്ള പടുകൂറ്റൻ ബോട്ടാണ്. അതിൽ ഒരു റൗണ്ടടിച്ചു.
ബോട്ട് യാത്രക്കിടയിലെ നഗര ദൃശ്യങ്ങൾ...

 ഇതെന്താ ഇങ്ങനെയൊരു രൂപം എന്ന് ഒരു പിടിയുമില്ല  
അതിനു ശേഷം ഒരു ചോക്ലേറ്റ് മ്യൂസിയം കാണാൻ പോയി. ഇവിടത്തെ വലിയൊരു ബ്രാൻഡ് ആയ ലിൻഡ് (Lindt) കമ്പനിയുടെ പഴയൊരു ഫാക്ടറി ആണ് ഈ മ്യൂസിയം ആക്കിമാറ്റിയിരിക്കുന്നത്. അകത്തുകയറാൻ കൊടുത്ത കാശ് വെച്ചുനോക്കിയാൽ  ഉടായിപ്പ് സെറ്റപ്പാണ് എന്നുപറയാം. പ്രധാനമായും ചോക്ലേറ്റ് വിൽപ്പനയാണ് ലക്ഷ്യം. എന്തായാലും അതിനകത്തൊരു ചോക്ലേറ്റ് ഫൗണ്ടൻ എന്നൊരു സംഭവം കണ്ടു. അതുമാത്രം കൊള്ളാം.

ചോക്ലേറ്റ് ഫൗണ്ടൻ 
ആ ഒഴുകിവരുന്നതാണ് ഒന്നാംതരം ചോക്ലേറ്റ് 
ആ ചേച്ചിയുടെ കൈയിലിരിക്കുന്നതിൽ നിന്ന് ഒന്നെനിക്കും കിട്ടി 
ഇങ്ങനെ അന്നത്തെ കറക്കമെല്ലാം അവസാനിച്ച് റെയിൽവേ സ്റ്റേഷനിൽ വന്നപ്പോൾ തിരിച്ചുപോകാനുള്ള ട്രെയിൻ ക്യാൻസലായി എന്ന അറിയിപ്പുകണ്ടത്. അതുവരെ ഉണ്ടായ ഇമ്പ്രെഷൻ എല്ലാം അതൊടെപോയി. കാര്യം കുറച്ചു ലേറ്റ് ആയി ഓടിയാലും ഇന്ത്യൻ റെയിൽവേ അങ്ങനെ ട്രെയിൻ ഒന്നും പൊതുവെ ക്യാൻസൽ ചെയ്യാറില്ല. പിന്നെ കിട്ടിയ ട്രെയിനിൽ കയറി ഒരുകണക്കിന് ഹോട്ടലിലെത്തി.

കണ്ട കാഴ്ചകൾ മഹത്തരം എന്നൊന്നും പറയാൻ വയ്യ. പക്ഷെ അതിനേക്കാളെല്ലാം മനസ്സിനെ ആകർഷിച്ചത് നൂറുകണക്കിനോ, ആയിരക്കണക്കിനോ ആളുകൾ വരുന്ന സ്ഥലമായിട്ടും നിയമങ്ങൾ പാലിക്കുന്നതിലുള്ള ആളുകളുടെ കണിശതയാണ്. വൃത്തിയുള്ള നടപ്പാതകളും, സിഗ്നലും, ലൈനും പാലിച്ച് ഓടുന്ന വണ്ടികളും, നാറ്റമടിക്കാത്ത ചവർവീപ്പകളുമെല്ലാം കണ്ടപ്പോൾ, ഒരു പൗരൻ എന്നനിലയിൽ നമുക്ക് എന്താണ് നഷ്ടപ്പെടുന്നത് എന്ന് ഒരുനിമിഷം ആലോചിച്ചുപോയി. നമ്മുടെ രാജ്യത്തും കാക്കത്തൊള്ളായിരം നിയമങ്ങളെങ്കിലും കാണും. ആരാലും നിർബന്ധിക്കപ്പെടാതെ അതിലെത്രയെണ്ണം പാലിക്കപ്പെടുന്നു എന്നതാണ് ഒരു ജനത എന്ന നിലയിൽ നമ്മുടെ പൗരബോധത്തെ ലോകത്തിനുമുന്നിൽ അടയാളപ്പെടുത്തുന്നത്. എന്തുകൊണ്ടോ നമുക്ക് കിട്ടിയ സ്വാതന്ത്ര്യത്തെ അതിന്റെ ശരിയായ അർത്ഥത്തോടെ ആസ്വദിക്കാൻ നമ്മളിനിയും വളർന്നിട്ടില്ല എന്നുതോന്നുന്നു.

വഴിയിൽ കണ്ട മറ്റുചില കാഴ്ചകൾ 
അന്തസ്സുള്ള പിച്ചക്കാരൻ 
സംഭവം എന്താണെന്നു മനസ്സിലായോ? പിച്ചക്കാരൻ വരച്ച ചിത്രമാണ്. പിച്ചച്ചട്ടിയും കാണാം. ആ പല്ലു പുറത്തേക്കിട്ടിരിക്കുന്ന ആളാണ് സാക്ഷാൽ 'ഡ്രാക്കുള'.
ബുദ്ധിയുള്ള പിച്ചക്കാരൻ കാര്യം പിച്ചക്കാരനാണെങ്കിലും പറഞ്ഞിരിക്കുന്ന കാര്യം എത്ര സത്യമാണല്ലേ? - "നമുക്ക് വ്യത്യസ്തങ്ങളായ മതങ്ങളും, ഭാഷകളും, തൊലിയുടെ നിറങ്ങളും എല്ലാം ഉണ്ടാകാം. പക്ഷേ നമ്മളെല്ലാവരും ഒരേ മനുഷ്യരാശിയിൽ പെടുന്നു" 

ഒരുചാൺ വയറിനുവേണ്ടിയുള്ള ട്രപ്പീസ് കളിയാണ് ജീവിതം......

തലതിരിഞ്ഞ ലോകത്തെ നേരെ നോക്കിക്കാണുന്നവർ.... 

ചൈനീസ് സുന്ദരിക്കുട്ടികളുടെ ഡാൻസിനിടയിൽ നിന്നും...

ഒരു നോവായി ഹോങ്കോങ്...... (കുറ്റവാളികളെ ചൈനക്ക് കൈമാറുന്ന നിയമത്തിനെതിരെയുള്ള പ്രതിഷേധം)

എന്താ സംഭവമെന്ന് ഒരു പിടിയുമില്ല.

കുമിളകൾ....കുമിളകൾ...


ഏതു രാജ്യത്താണെങ്കിലും റോക്കറ്റ് പോകുന്നത് ഒരേപോലെയാണെന്നു മനസ്സിലായി 
ജർമ്മനിയിലെ മാർത്താണ്ഡവർമ്മ പാലം 

24 comments:

  1. ഞാനാ തെരുവുകളിൽക്കൂടി ഒരുവട്ടം
    സഞ്ചരിച്ചു...ചൈനക്കാരി പെൺകുട്ടികളുടെ
    കൂടെ നൃത്തം ചെയ്തു...തലകുത്തനെ നിന്ന്
    ലോകം ഒരുവട്ടം വീക്ഷിച്ചു...കോളോണിനെ പരിചയപ്പെടുത്തിയതിനു നന്ദി...

    ReplyDelete
    Replies
    1. കൊളോണിലെ കാഴ്ചകൾക്കൊപ്പം നടന്നതിന് നന്ദി സൂര്യ......❤❤

      Delete
  2. ഓഹ്‌.മഹേഷ്‌.നന്നായിരിക്കുന്നു.കൂടെ വന്നതുപോലെ...ഇതൊരു രണ്ട്‌ ഭാഗമായി എഴുതാരുന്നു..

    ReplyDelete
    Replies
    1. നന്ദി സുധീ...❤❤ എഴുത്തു കുറവും, ചിത്രങ്ങൾ കൂടുതലുമല്ലേ അതായിരിക്കും നീളക്കൂടുതൽ തോന്നുന്നത്......

      Delete
  3. അമ്മയുടെ മരണം , നീട്ടി വെച്ച ചികിത്സ മുതൽ കാരണങ്ങളാൽ  രണ്ട് മാസമായി ബൂലോകത്ത് എത്തി നോക്കാറില്ലായിരുന്നു ...
    2012 ലണ്ടൻ ഒളിമ്പിക്സ് സമയത്തെ ചാരപ്പണി വേളകളിലാണ് ഇതിന് മുമ്പ് ഞാനൊരു മൂന്ന് മാസത്തെ ബ്ലോഗ് ബ്രെയ്ക്ക് എടുത്തിരുന്നത് ...!
    ഇന്ന് മുതൽ  ഈ മൂഷിക പുത്രൻ വീണ്ടും ബൂലോഗ മല പിന്നേയും ചുരുണ്ടു തുടങ്ങുവാൻ തുടങ്ങുകയാണ് കേട്ടോ കൂട്ടരെ

    ReplyDelete
    Replies
    1. വെൽക്കം ബാക്ക് മുരളിയേട്ടാ.... മുരളിയേട്ടൻ വന്നാലല്ലേ ബൂലോകത്ത് ഒരു ഗുമ്മുള്ളൂ......❤❤

      Delete
  4. നന്നായിട്ടുണ്ട്..സചിത്ര യാത്രാ വിവരണം 

    ReplyDelete
    Replies
    1. നന്ദി മുരളിയേട്ടാ......❤❤

      Delete
  5. വായിച്ചു..ചിത്രങ്ങൾ ഏറെ മനോഹരം

    ReplyDelete
    Replies
    1. നന്ദി സാർ ഇവിടെ ആദ്യമായിട്ടാണല്ലേ.....❤❤

      ഞാൻ തിരിച്ചും വരുന്നുണ്ട്!

      Delete
  6. മഹേഷ്....നിനക്ക് മനസിലാകാത്ത സംഭവങ്ങളെ നീ മനോഹരമായി മനസിലാക്കി തന്നു.എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അതായിരുന്നു..
    പിന്നെ കൊളോണിയൽ ആകാശത്തെ റോക്കറ്റിനേം..
    ചിത്രാക്ഷരങ്ങൾ പൊരിച്ചു.

    ReplyDelete
    Replies
    1. നന്ദി വിജു ഭായ്....❤❤

      കൊളോണിയൽ ആകാശമായാലും ചുവന്ന ആകാശമായാലും റോക്കറ്റ് സമത്വത്തെ പ്രതിനിധാനം ചെയ്യുന്നു 😁

      Delete
  7. യാത്രാവിവരണവും ചിത്രങ്ങളും നന്നായിട്ടുണ്ട്.അതോടൊപ്പംത്തന്നെ നമ്മുടെ നാട്ടിൽ കാട്ടിക്കൂട്ടുന്ന തിന്മകകളെ സന്ദർഭോചിതമായി തുറന്നുക്കാട്ടാൻ കാണിച്ച കാര്യത്തിലും ഞാൻ അഭിനന്ദനം രേഖപ്പെടുത്തുന്നു.
    ആശംസകൾ

    ReplyDelete
    Replies
    1. എന്തുകണ്ടാലും അറിയാതെ നമ്മൾ നമ്മുടെ നാടിനെപ്പറ്റി ഓർത്തുപോകും....

      ഒരുപാടു സ്നേഹം, നന്ദി തങ്കപ്പൻ സാർ....❤❤

      Delete
  8. കൊളോൺ വിവരണം അസ്സലായി മഹേഷ്... എന്ത് കാഴ്ച കണ്ടാലും അതിലൂടെ നാടിനെ ചേർത്തുവെച്ചാലേ നമ്മുടെയൊക്കെ യാത്ര പൂർണ്ണമാകൂ :)

    ReplyDelete
    Replies
    1. എന്തുകണ്ടാലും അതിനെ നമ്മുടെ നാടിന്റെ കണ്ണടയിലൂടെ നോക്കിക്കാണാതെ ഒരു സമാധാനം കിട്ടില്ലെന്നേ 😊

      യാത്രാവിവരണങ്ങളുടെ പുലി ഇത് നന്നായി എന്ന് പറയുന്നത് കേൾക്കുമ്പോൾ പ്രത്യേകം സന്തോഷം....❤❤

      Delete
  9. ഇപ്പോഴാ ഇങ്ങോട്ട് വരാൻ സമയം കിട്ടിയത്.നല്ല വിവരണം മഹി. ചിത്രങ്ങളും മനോഹരം. മനസ് കൊണ്ട് വായനയ്ക്ക് ഒപ്പം അവിടെ എത്താൻ കഴിഞ്ഞു.
    സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
    Replies
    1. സന്തോഷം സ്നേഹം പ്രീതചേച്ചീ .. ❤❤❤

      Delete
  10. സത്യത്തിൽ വായിച്ച് പകുതി എത്തിയപ്പോൾ ഞാൻ വിചാരിച്ചു വഴി തെറ്റി ചൈന ക്ക് പോയോ ന്ന്.. അവരുടെ വൃത്തി ഒക്കെ കാണുമ്പോൾ കൊതിയാകും.. ഇന്ത്യയിൽ എത്രയോ മനോഹരങ്ങൾ ആയ സ്ഥലങ്ങൾ ഉണ്ട്.. ചിലയിടത്ത് പോയാൽ അറപ്പായിട്ട് കാണാനുള്ള ഇഷ്ടം മൊത്തം പോകും. അടുത്തിടെ വരണസിക്ക് പോയപ്പോൾ ഉണ്ടായ അറപ്പ് ഇത് വരെ മാറിയിട്ടില്ല. മനോഹരമായ പടങ്ങളും വിവരണങ്ങളും സൂപ്പറായിട്ടുണ്ട്..

    ReplyDelete
    Replies
    1. അത് ഏകദേശം ഒരു ചൈന പോലെ തന്നെ തോന്നിച്ചു. വാരാണസി എന്റമ്മേ കുറെ വർഷങ്ങൾക്കു മുൻപൊരിക്കൽ പോയിട്ടുണ്ട്. തീർച്ചയായും ഇന്ത്യയിലും മനോഹരമായി സൂക്ഷിക്കുന്ന സ്ഥലങ്ങളുണ്ട് ഒരുദാഹരണമാണ് 'ഹംപി'. വൃത്തിയുടെ കാര്യത്തിൽ സർക്കാരുകളെ മാത്രം പറഞ്ഞിട്ടു കാര്യമില്ല നമ്മുടെ പൗരബോധം കൂടി മാറണം.. അല്ലെങ്കിൽ എന്നും ഇത് മാറ്റമില്ലാതെ തുടരുക തന്നെ ചെയ്യും.

      ഒരുപാട് സന്തോഷം ട്ടാ..... വന്നതിനും വായനക്കും ❤❤❤

      Delete
  11. ..ഈ റെയിന്‍ നദിയിലൂടെയുള്ള ബോട്ട് യാത്രയില്‍ ഞാനും പോയിട്ടുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ പാലം എനിക്കിഷ്ടായി!

    ReplyDelete
    Replies
    1. ആഹാ നമ്മൾ ഒരേ തോണിയിൽ സഞ്ചരിച്ചവരാണല്ലേ ;-)

      മറുപടി തരാൻ വൈകിയതിൽ ക്ഷമിക്കണേ.. കുറച്ചുദിവസങ്ങളായി ബ്ലോഗ് നോക്കാറില്ലായിരുന്നു. ഞാൻ തിരിച്ചു അങ്ങോട്ടും വരുന്നുണ്ട് പോസ്റ്റുകൾ വായിക്കാൻ.

      Delete
  12. ജർമനിയിൽ പോയി വന്ന പ്രതീതി...

    ReplyDelete