Sunday 1 September 2019

ഉദരം നിമിത്തം

സ്ഥിരം സ്വാദുകളിൽ നിന്നൊരു മാറ്റം വേണമെന്നു തോന്നുമ്പോൾ, അല്ലെങ്കിൽ മടിപിടിച്ചിരിക്കുന്ന ചില വാരാന്ത്യങ്ങളിൽ ഭക്ഷണം പുറമെ നിന്നാക്കുക എന്നൊരു പതിവുണ്ട് ഞങ്ങൾക്ക് - ഒരുപക്ഷേ ഞങ്ങൾക്കുമാത്രമല്ല, ഞങ്ങളെപ്പോലെ ഒരുപാടുപേർക്ക്. 'ഹോം ഡെലിവറി'യുടെ പരിധിയിൽ വരുന്ന ഒരേ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച് മടുത്തിരിക്കുന്നതുകൊണ്ട് എവിടേക്കെങ്കിലും ടൂർ പോകുമ്പോളാണ് കുറച്ചു വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാൻ അവസരം ലഭിക്കുന്നത്. ഈയടുത്തുപോയ ഒരു ഫാമിലി ട്രിപ്പിലെ അങ്ങനത്തെ രണ്ടനുഭവങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്.

ഒരാഴ്ചത്തെ ലീവെടുത്തു കുടുംബത്തോടൊപ്പം ബാംഗ്ളൂരിൽ നിന്ന് പഴനി - മധുര - രാമേശ്വരം - ധനുഷ്‌കോടി - കന്യാകുമാരി - തിരുവനന്തപുരം വഴി വീട്ടിലേക്ക് എന്നൊരു പ്ലാൻ ആയിരുന്നു യാത്ര പുറപ്പെടുമ്പോൾ. കഴിഞ്ഞ പ്രളയത്തിൽ ദിവസങ്ങളോളം നാട്ടിൽ പെട്ടുപോയ അനുഭവമുള്ളതുകൊണ്ട് കേരളത്തിലെ മഞ്ഞയും ചുവപ്പും അലെർട്ടുകൾ കണ്ടപ്പോൾതന്നെ  കന്യാകുമാരിയിൽനിന്ന് വഴിയൊന്നു മാറ്റിപ്പിടിച്ച് തഞ്ചാവൂർ വഴി ബാംഗ്ളൂരിലേക്ക് എന്ന് ചെറിയൊരു മാറ്റം വരുത്തി. അങ്ങനെ അപ്രതീക്ഷിതമായി കന്യാകുമാരിയിൽ ഒരു ദിവസം കൂടുതൽ തങ്ങേണ്ടതായിവന്നു. മനോഹരമായ കാലാവസ്ഥയുടെ പ്രലോഭനം കൂടിയായപ്പോൾ സന്ധ്യയായപ്പോൾ എല്ലാവരുംകൂടി ബീച്ചിൽപോയി. കന്യാകുമാരിയിലെ ബീച്ചും പരിസരവും രാത്രിയിൽ ഒരു പ്രത്യേക ഭംഗിതന്നെയാണ്. പണ്ട് നാട്ടിലെ ഉത്സവപ്പറമ്പുകളെ ഓർമ്മിപ്പിക്കുന്നവിധത്തിൽ വഴിവാണിഭക്കാരും, ചായ വിൽപ്പനക്കാരും, എല്ലാ പ്രായത്തിലുള്ളവരും കൂടി ആകെ ഒരു ഉത്സവപ്രതീതി. ബീച്ചിലെ മണ്ണുമാന്തിക്കളിയും, വീടുണ്ടാക്കലുമെല്ലാം കഴിഞ്ഞപ്പോളേക്കും രാത്രിയായി.
കുമിളകൾ......വർണ്ണക്കുമിളകൾ......
(ഫോട്ടോഗ്രാഫറുടെ കഴിവ് കാരണമാണ് ആർക്കും ഒന്നും മനസ്സിലാകാത്തത്)
കാറ്റാടി കൊണ്ട് എല്ലാ വീട്ടുകാരും സ്വയം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഒരു കിനാശ്ശേരി ആണ് അവന്റെ സ്വപ്നം 
ഉച്ചക്ക് കഴിച്ച ബിരിയാണിയുടെ ക്ഷീണം മാറാത്തതുകൊണ്ട് ഒരു ജ്യൂസിലൊതുക്കാം രാത്രിഭക്ഷണം എന്നുകരുതി ഒരു ജ്യൂസ് കടയിൽ കയറി. മെനുകാർഡ് കണ്ടപ്പോഴാണ് ജ്യൂസിന് പകരം ഒരു 'ഫലൂദ' ആയാലോ എന്നൊരാശയം തോന്നിയത്. അമ്മയും ഭാര്യയും അത് കൈയടിച്ചു പാസാക്കിയതിനാൽ മെനുവിൽ കണ്ട രണ്ടു സാദാ സിംഗിൾ സ്കൂപ് ഐസ് ക്രീം ഫലൂദയും, എനിക്ക് ഒരു 'റോയൽ ഫലൂദ'യും ഓർഡർ ചെയ്തു. ഞങ്ങളല്ലാതെ വേറെ കസ്റ്റമേഴ്സ്  ആരുംതന്നെ കടയിൽ ഇല്ലാത്തതുകൊണ്ട് സ്വാഭാവികമായും ഫലൂദകൾ പെട്ടെന്നുകിട്ടുമെന്ന പ്രതീക്ഷയോടെ കാത്തിരിപ്പായി. ഏതാണ്ടൊരു പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടു നീളംകൂടിയ ഗ്ലാസിൽ ഫലൂദകളുമായി കടക്കാരൻ പ്രത്യക്ഷനായി. ഫലൂദ കൈയിൽ കിട്ടിയതും ഭാര്യയുടെ മുഖത്തിന് ചെറിയൊരു മാറ്റവും 'ഇതെന്റെ ഫലൂദയല്ല; എന്റെ ഫലൂദ ഇങ്ങനെയല്ല' എന്നൊരു പ്രസ്താവനയും. പക്ഷെ എനിക്കാണെങ്കിൽ ഫലൂദ കണ്ടിട്ട് വലിയ കുഴപ്പമൊന്നും തോന്നിയില്ല താനും. ഗഹനമായ ചോദ്യം ചെയ്യലിൽ 'ഫലൂദ' എന്നത് 'കസ്സാട്ട' ആണെന്ന് തെറ്റിദ്ധരിച്ച് ഓർഡർ ചെയ്തതിന്റെ ചെറിയൊരു കൺഫ്യൂഷനാണ് എന്ന് മനസ്സിലായി. 'മറ്റൊന്നിൻ ധർമ്മയോഗത്താൽ അതുതാനല്ലയോ ഇത്' എന്ന് വർണ്യത്തിലെ ചെറിയൊരു ആശങ്കയല്ലേ സാരമില്ല എന്നുപറഞ്ഞ് രണ്ടുപേരും ഫലൂദയോടുള്ള മല്ലയുദ്ധം ആരംഭിച്ചു. 

റോയൽ ഫലൂദ ഓർഡർ ചെയ്ത ഞാൻ സാധനം ഇപ്പോവരും ഇപ്പോവരും എന്ന പ്രതീക്ഷയോടെ കാത്തിരിപ്പുതന്നെ കാത്തിരിപ്പ്. കടക്കാരനാണെങ്കിൽ 'ദിപ്പോ ശര്യാക്കിത്തരാം..." എന്നമട്ടിൽ ഇടക്കിടക്ക് എന്നെ നോട്ടംകൊണ്ട് സമാധാനിപ്പിച്ചു പോകുന്നുമുണ്ട്. ഓരോ രണ്ടുമിനിറ്റിലും ഓരോ സാധങ്ങൾ എടുക്കുന്നു, മിക്സിയും ജ്യൂസറുമെല്ലാമിരിക്കുന്ന പിൻഭാഗത്തേക്കു പോകുന്നു, തിരിച്ചുവരുന്നു അങ്ങനെ ആകെ ജഗപൊഗ. ഓർഡർ ചെയ്ത സാധനം സ്റ്റോക്കില്ലാത്തതുകൊണ്ട് ഇരുന്നു മടുക്കുമ്പോൾ ഓർഡർ ക്യാൻസൽ ചെയ്തോട്ടെ എന്നുകരുതി ഇരുത്തിയതാണോ എന്നുവരെ തോന്നിപ്പോയി. എന്തായാലും അരമണിക്കൂറോളം നീണ്ട കാത്തിരിപ്പിനുശേഷം മൃതസഞ്ജീവനി കാത്തിരുന്ന ശ്രീരാമൻ ആൻഡ് കമ്പനിയുടെ മുന്നിൽ 'സോറി ഒരൽപ്പം ലേറ്റായി. ഈ മല അങ്ങോട്ട് പിടിക്ക്യാ.. എന്താ സന്തോഷായില്ലേ' എന്നുപറഞ്ഞ ഹനുമാനെപോലെ നമ്മുടെ കടക്കാരൻ അണ്ണൻ ഒരു വരവുവന്നു; അഹല്യയെപ്പോലെ കാത്തിരുന്ന എന്റെ മുന്നിലേക്ക് ആ 'റോയൽ ഫലൂദ'യും കൊണ്ട്! വയറിന് അധികം ജോലി കൊടുക്കേണ്ടെന്നുകരുതി ഒരു ജ്യൂസ് കുടിക്കാൻവന്ന എനിക്ക് കിട്ടിയത് പാലും, ഐസ്ക്രീമും,  സേമിയയും, ബദാമും, പൈനാപ്പിളും എന്നുവേണ്ട അച്ഛനും അമ്മയുമൊഴിച്ചുള്ള ബാക്കിയെല്ലാം ഇട്ട ഒരൊന്നൊന്നര സാധനം. 
ഈഫൽ ഗോപുരം
പണ്ട് ചെറിയ കുട്ടികളെ ഒക്കത്തെടുക്കുമ്പോൾ അവർ മൂത്രമൊഴിച്ചാൽ കുട്ടിയെ താഴെ വെക്കണോ, അതോ ആരുടെയെങ്കിലും കൈയിൽ കൊടുക്കണോ, അതോ ഞാൻ തന്നെ എന്തെങ്കിലും ചെയ്യണോ എന്നറിയാതെ വിഷമിച്ചു നിൽക്കുന്ന പതിവുണ്ട്. ഏതാണ്ട് അതെ അവസ്ഥയിലായിപ്പോയി ഞാൻ. എന്റെ അവസ്ഥ കണ്ട കടക്കാരൻ, അപ്പുറത്തെ കടക്കാർ, പുതുതായി വന്ന കസ്റ്റമേഴ്സ്  എന്നുവേണ്ട റോഡിലൂടെ പോകുന്നവർ വരെ ചിരിയോ ചിരി. കൂട്ടത്തിൽ കാലുവാരി സ്വന്തം വീട്ടുകാരും. ഒടുക്കം എന്റെ ബുദ്ധിമുട്ടുകണ്ട്‌ 'അച്ഛാ, ഐസ്ക്രീം ഞാൻ തിന്നോളാം' എന്നുപറഞ്ഞുകൊണ്ട് പുത്രൻ മാതൃകയായി.  എന്തിനേറെപ്പറയുന്നു, ഫലൂദ കഴിച്ച ഞാൻ പെരുമ്പാമ്പ് ഇരവിഴുങ്ങിയതിനെ തോൽപ്പിക്കും പരുവത്തിൽ ഒരുകണക്കിന് ഹോട്ടലിലെ കിടക്കയിൽ ചെന്നുവീണു. 

ഒരബദ്ധം ഏതു പോലീസുകാരനും പറ്റുമെന്നതിനാൽ, ഇനി ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കരുതെന്ന് മനസ്സിൽ പ്രതിജ്ഞയെടുത്തുകൊണ്ടാണ് കന്യാകുമാരിയിൽ നിന്ന് തഞ്ചാവൂരിലേക്ക് യാത്രയായത്. പോകുന്ന വഴിയിൽ അത്യാവശ്യം തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ പ്രഭാത ഭക്ഷണത്തിന് നിർത്തി. ഒരുപാട് ദൂരം ഡ്രൈവ് ചെയ്യാനുള്ളതുകൊണ്ടും, തലേന്നത്തെ അനുഭവം മനസ്സിലുള്ളതുകൊണ്ടും ഞാൻ ഏറ്റവും കട്ടികുറഞ്ഞ വിഭവമായ 'പേപ്പർ റോസ്റ്റ്' ഓർഡർ ചെയ്തു.
ഒരു തലയിണ കൂടി കിട്ടിയിരുന്നെങ്കിൽ.....
ഓർഡർ എടുക്കാൻ വന്ന സപ്ലയർ, സാർ പേപ്പർറോസ്റ്റ് വന്നതിനുശേഷം ബാക്കി ഓർഡർ ചെയ്താൽ മതിയെന്നു പറഞ്ഞപ്പോൾത്തന്നെ എന്തോ ഒരു പന്തികേട് മണത്തെങ്കിലും, വരാൻ പോകുന്നത് ഇങ്ങനെയൊരു സംഭവമായിരിക്കും എന്ന് സ്വപ്നേപി നിരൂപിച്ചില്ല. തമിഴ്‌നാട്ടിലെ പല ഹോട്ടലുകളിലും പേപ്പർ റോസ്റ്റിന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും ഭയാനകമായൊരു വേർഷൻ ഇതാദ്യായിട്ടാ.....


അല്ലെങ്കിലും വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ അല്ലേ???

യാത്രകൾ പലപ്പോഴും ഓർമ്മിക്കപ്പെടുന്നത് സഞ്ചരിച്ച ദൂരമോ, കണ്ണിലുടക്കിയ കാഴ്ചകളോ കൊണ്ടുമാത്രമല്ല, ഒരുപാട് പൊട്ടിച്ചിരിപ്പിച്ച ഇത്തരം രസകരമായ അനുഭവങ്ങൾ കൊണ്ടുകൂടിയാണ്. എന്തായാലും ഇതുകൊണ്ടൊരു ഗുണമുണ്ടായി. വീട്ടുകാർക്കിടയിൽ 'മഹേഷ് ഫലൂദ/ പേപ്പർ റോസ്റ്റ് ഓർഡർ ചെയ്തപോലെ' എന്നൊരു പുതിയ പ്രയോഗത്തെ സംഭാവന ചെയ്യാനായി.

ഇനിയും വരാം ഇതുവഴി ആനകളെയും മേച്ചുകൊണ്ട്. അതുവരേക്കും വിട....


31 comments:

  1. എല്ലാം വളരെ സിമ്പിൾ ഐറ്റംസ് . .പക്ഷേ ചെല്ലുന്നിടത്തെല്ലാം പണി കിട്ടിയല്ലോ.
    നർമ്മം കലർത്തിയ എഴുത്ത് വായന രസകരമായി .

    ReplyDelete
    Replies
    1. നന്ദി ചേച്ചീ വായനക്കും കമന്റിനും. പണികൾ ഏറ്റുവാങ്ങുന്നത് ഒരു സ്ഥിരം കലാപരിപാടിയാണ് 😊

      Delete
  2. falooda kand pottichirichupoyi kto

    ReplyDelete
    Replies
    1. Thank you Shajitha. Photo kandavarude avastha inganeyenkil, nerittu kaiyil kittiya ente avastha ethra bheekaramaayirikkum ;-)

      Delete
    2. ങേ??ഷാജിതച്ചേച്ചി ഇവിടേമെത്തിയോ?!?!?!!

      Delete
    3. കുമ്പിടിയാണ് കുമ്പിടി... ഒരേ സമയം നാല് ബ്ലോഗിൽവരെ കണ്ടവരുണ്ടത്രേ ;-)

      Delete
  3. കാനായി കുഞ്ഞിരാമൻ രൂപ കൽപ്പന ചെയ്ത ഫലൂദ ആണെന്ന് തോന്നുന്നു ! :) എന്തായാലും ഈ എഴുത്തും അനുഭവവും കലക്കി ...

    ReplyDelete
    Replies
    1. ശരിക്കും ഏതാണ്ട് ആ മോഡൽ ആയിരുന്നു :-)
      നന്ദി ഷഹീം ഭായ്..

      Delete
  4. സാധാരണ യാത്രകളിൽ ഫുഡ് പോയ്സൺ ആണ് വില്ലൻ..ഇതിപ്പോൾ കൂടുതൽ കിട്ടിയതാണല്ലോ കുഴപ്പമായത് ..

    ReplyDelete
    Replies
    1. എന്തായാലും അത്രയും അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ!!! ഒരുപാട് സന്തോഷം ഈ വഴി വന്നതിന്

      Delete
  5. ഇനിയൊരു പണിയേറ്റുവാങ്ങാനില്ലിനിയൊരു ബാല്യമെന്ന മട്ടിൽ തഞ്ചാവൂർക്ക്‌ പാഞ്ഞ മഹേഷിന്റെ മഹാഭാഗ്യം.

    മേശപ്പുറത്ത്‌ കൊണ്ടെവെച്ച ആ സാധനത്തിന്റെ പേരെന്നാന്നാ പറഞ്ഞത്‌?!?!?!?

    ReplyDelete
    Replies
    1. അതാണ് 'പേപ്പർ റോസ്റ്റ്' :-)

      ഒന്നും പറയണ്ട ഇടി വെട്ടിയവനെ പാമ്പും കടിച്ചു എന്ന് പറയുന്നത്‌ എന്താണെന്നു ഇപ്പോളാണ് മനസ്സിലായത് :-)

      Delete
  6. സംഭവം കലക്കി.. എഴുത്ത് കുറച്ചുകൂടി ഉഷാറാക്കാം.. എന്നുവെച്ചാൽ ഇങ്ങള് കഴിവ് ഇങ് പൊന്നോട്ടേ... പിന്നെ ഒരു കാര്യം മ്മള് ചില്ലറ കാര്യമാണെന്ന് കരുതുന്ന കാര്യം ആൾക്കാർക്ക് വായിക്കാൻ പാകത്തിൽ എഴുതുക ചില്ലറ കാര്യമല്ല.. നന്നായിട്ടുണ്ട്.. ഞാൻ പറഞ്ഞ കാര്യം കൂടി ഒന്ന് പരിഗണിച്ചേക്ക് ട്ടോ..ഉടനെ തന്നെ വീണ്ടും വരാം..

    ReplyDelete
    Replies
    1. ചുമ്മാ എന്തെങ്കിലുമൊക്കെ എഴുതിവിടുന്നതല്ലേ..അതുവായിച്ചു ഇത്രയും നല്ല കമന്റ് ഒക്കെ ഇടുന്നതുകാണുമ്പോൾ ഒരുപാട് സന്തോഷം ആനന്ദ്. എഴുത്ത് ഇനിയും നന്നാക്കാൻ തീർച്ചയായും ശ്രമിക്കാം. ഇനിയും വരണേ ഈ വഴി..

      Delete
  7. ആഹാ കൊള്ളാല്ലോ. പേപ്പർ റോസ്റ് ആദ്യമായി കഴിക്കുന്ന സമയത്തു എനിക്കും ഈ പണി കിട്ടിയിരുന്നു.

    ReplyDelete
    Replies
    1. ഹോ.... തുല്യ ദുഖിതരായ ആളുകളെ കാണുന്നത് വല്ലാത്തൊരു സന്തോഷം തന്നെയാണ് ;-) ആദ്യമായിട്ടാണ് ഇവിടെ വരുന്നത് അല്ലെ? വന്നതിൽ ഒരുപാട് സന്തോഷം. ഇനിയും വരണേ.. തിരിച്ചു അങ്ങോട്ട് ഞാനും വരാം.

      Delete
  8. ആസ്വദിച്ചു വായിച്ചു. നല്ല എഴുത്ത്. പേപ്പർ റോസ്റ്റ് , ഫലൂദ ഇതൊന്നും കഴിച്ചിട്ടില്ലാത്തത് കൊണ്ട് വലിയ അറിവില്ല ഇതിനെ പറ്റി

    ReplyDelete
    Replies
    1. ഞാനും അധികം കഴിച്ചിട്ടില്ല. പക്ഷെ ഫലൂദ ഇപ്പോൾ നമ്മുടെ നാട്ടിലും ധാരാളം കിട്ടുന്നുണ്ട് എന്നുതോന്നുന്നു. പേപ്പർ റോസ്റ്റ് തമിഴ്നാട്ടിലാണ് അധികവും കണ്ടിട്ടുള്ളത്.

      വളരെ നന്ദി പ്രീത വായിച്ചതിനും ഈ കമെന്റിനും. ഇനിയും വരുമല്ലോ?

      Delete
  9. കൊള്ളാം. ഭക്ഷണം അധികമായാൽ ശരിയ്ക്കും പെട്ടു പോവും. കഴിയ്ക്കാൻ പറ്റില്ല എന്നുറപ്പായാൽ പാക്ക് ചെയ്ത് വാങ്ങും. ഐസ് ക്രീം ഫലൂദ ഇത്യാദികൾ അങ്ങനെ പറ്റില്ലല്ലോ ലേ ?

    ReplyDelete
    Replies
    1. സത്യം... അന്ന് വല്ലാത്തൊരു പെടലായിരുന്നു. ഞാനും അധികം വരുന്നത് പൊതിഞ്ഞെടുക്കലാണ് പതിവ്. പക്ഷെ ചേച്ചി പറഞ്ഞതുപോലെ ഇതൊന്നും പൊതിഞ്ഞെടുക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് എങ്ങനെയൊക്കെയോ അവസാനിപ്പിച്ചു എന്ന് പറഞ്ഞാൽ മതി!

      ഒരുപാട് സന്തോഷം, സ്നേഹം ഈ വഴി വന്നതിനു <3

      Delete
  10. പതിവ് പോലെ രസകരമായി പറഞ്ഞു മഹി.. നാലും ആ പേപ്പര്‍ റോസ്റ്റ് !

    ReplyDelete
    Replies
    1. അത് ഒരു ഒന്നൊന്നര പേപ്പർ റോസ്റ്റ് തന്നെ ആയിരുന്നു ചേച്ചീ

      Delete
  11. ഈ ഫലൂദ ഇത്രേം ഭീകരജീവിയാണ് എന്നറിഞ്ഞില്ലുണ്ണീ.. ആരും പറഞ്ഞില്ല .. ഞാന്‍ കഴിച്ചിട്ടുമില്ല :)

    ReplyDelete
    Replies
    1. എന്നോടും ആരും പറഞ്ഞില്ല, ഞാനൊന്നും അറിഞ്ഞില്ല....

      ഒരുപാട് നാളുകൂടി ചേച്ചിയെ ഇവിടെ കണ്ടതിൽ ഒരുപാട് സന്തോഷം :-)

      Delete
    2. ഇടയ്ക്ക് വരാം കേട്ടോ

      Delete
  12. നിന്റെ മുഖഭാവം എനിക്ക് കൂടുതൽ ഇഷ്ടമായി.പണ്ട് കൃഷ്ണഗിരിക്കടുത്തുള്ള A2B യിൽ നിന്നൊരു പേപ്പർ റോയ്സ്റ്റ് വാങ്ങിയിട്ട് ഒടുവിൽ ഇര വിഴുങ്ങിയ പെരുമ്പാമ്പിനെ പോലെയായിരുന്നു ഞാനും...

    ReplyDelete
    Replies
    1. അഭിനയം വലിയ വശമില്ലാത്തതുകൊണ്ട് എക്‌സ്പ്രഷൻ വിചാരിച്ച അത്രയ്ക്ക് വന്നില്ല...;-)

      തുല്യദുഃഖിതരെ കണ്ടുകിട്ടുന്നത് ഒരു സന്തോഷം തന്നെയാണ് ... :-)

      Delete
  13. പേപ്പർ റോസ്റ്റ് ഓർഡർ ചെയ്യുന്നവർ അറ്റഷൻ സീക്കിങ് ൻ വേണ്ടിയാണത് ഓർഡർ ചെയ്യുന്നത് എന്നൊരു അടക്കം പറച്ചിലും ഉണ്ട് ട്ടോ

    ReplyDelete
    Replies
    1. അങ്ങനെയും ഒരു പറച്ചിലുണ്ടോ?.. ഏയ് ഞാൻ ആ ടൈപ്പല്ല...ഡിങ്കഭഗവാൻ സത്യം :-D

      Delete
  14. രമ്പകരമായ ഓർഡർ :
    ആശംസകൾ

    ReplyDelete