Thursday 1 February 2018

ഓർമ്മകൾ പൂക്കുമ്പോൾ (ചെറുകഥ)


"ഹോ ഇനി ഈ നശിച്ച ട്രാഫിക്കിൽപെട്ട് വീടെത്തുമ്പോൾ  പാതിരയാകും"

വേണിയുടെ ഈ പരിവേദനമാണ് ഓർമ്മകളുടെ ലോകത്ത് സ്വൈര്യവിഹാരം നടത്തിയിരുന്ന എന്നെ തിരിച്ചുകൊണ്ടുവന്നത്. അല്ലെങ്കിലും ഈയിടെയായി വെറുതെയിരുന്ന് സ്വപ്നംകാണൽ ഇത്തിരി കൂടുതലാണ്. വേണിയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയുടെ മകന്റെ ഒന്നാം പിറന്നാൾ കൂടാനാണ് നഗരത്തിൽ നിന്നകലെയുള്ള ഈ ആഡംബരഹോട്ടലിലെത്തിയത്. ഇത്തരം പൊങ്ങച്ചവിളംബരങ്ങളോട് പണ്ടും തീരെ താല്പര്യം തോന്നിയിട്ടില്ല; ഒരു ആഭ്യന്തരകലഹത്തിന് വഴിമരുന്നിടേണ്ട എന്നുകരുതി എല്ലാത്തിലും പങ്കെടുക്കുന്നുവെന്നു മാത്രം. പാർട്ടികഴിഞ്ഞു ആളുകൾ പോയിത്തുടങ്ങിയിരിക്കുന്നു. പാർക്കിങ് ഏരിയയിലെ നൂറിലധികം കാറുകൾക്ക് പുറത്തേക്കുപോകാൻ ഒരേയൊരു ഗേറ്റ് മാത്രമാണുള്ളത്. കാറുകളുടെ നീണ്ട ക്യൂവിൽ നേരത്തെ ഇടംപിടിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. തീവണ്ടിപോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന അന്തമില്ലാത്ത ഈ വരിയിൽ ഞാനും കഴിഞ്ഞ പത്തുമിനിറ്റായി ക്ഷമയോടെ കാറുമായി കാത്തുനിൽക്കുന്നു.

ഒടുക്കം എങ്ങനെയെല്ലാമോ കാറെടുത്ത് റോഡിലെത്തി. നേരം പാതിര കഴിഞ്ഞിട്ടും ഹൈവേയിലെ തിരക്കിന് യാതൊരു കുറവുമില്ല. തെരുവുവിളക്കിന്റെ മഞ്ഞവെളിച്ചത്തിനപ്പുറം കടമുറികളുടെ ഇരുട്ടിന്റെ മറയിൽ തെരുവിന്റെ മക്കൾ ഉറങ്ങാൻ കിടക്കുന്നു, നിറഞ്ഞൊഴുകുന്ന കുപ്പത്തൊട്ടിക്കുചുറ്റും നായകളുടെ കടിപിടി - അല്ലെങ്കിലും ഈയിടെയായി നായശല്യം വളരെ കൂടുതലാണ് - പ്രത്യേകിച്ചും രാത്രിയിൽ. കഴിഞ്ഞയാഴ്ചയാണ് ഷിഫ്റ്റ് കഴിഞ്ഞുവരുമ്പോൾ ബൈക്കിനുപിന്നാലെ ഓടിയ ഒരുകൂട്ടം നായകളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ വെങ്കട്ടിന്റെ ബൈക്ക് സ്കിഡ് ആയതും, കാലിൽ അഞ്ചു തുന്നൽ ഇടേണ്ടിവന്നതും.

വിദൂരതയിലെവിടെയോ ഒരു കുഴൽക്കിണർകൂടി ജന്മമെടുക്കുന്നതിന്റെ മുരൾച്ച കേൾക്കാം. ഇങ്ങനെപോയാൽ ഇതെവിടെച്ചെന്നു നിൽക്കുമെന്നറിയില്ല. ഇപ്പോൾത്തന്നെ ഫ്ളാറ്റിലെ ആവശ്യത്തിന് ടാങ്കറിൽ വെള്ളമടിക്കുകയാണ്. മാസാമാസമുള്ള മെയിന്റനൻസ് ബില്ലും ലോണിന്റെ അടവും കൂടിനോക്കുമ്പോൾ വാടകക്ക് താമസിക്കുകയാണ് ഭേദമെന്നു തോന്നാറുണ്ട് പലപ്പോളും. ഇതിനെല്ലാം പുറമെയാണ് വർഷാവർഷം കൂടിവരുന്ന സ്കൂൾഫീസ്. ചിലപ്പോൾതോന്നും എല്ലാം വലിച്ചെറിഞ്ഞു നാട്ടിൽപ്പോയാലോ എന്ന്. പക്ഷേ അവിടെപ്പോയെന്തു ചെയ്യാൻ എന്ന ചോദ്യം പിന്നോട്ടുവലിക്കുന്നു എപ്പോളും.

"ഞാൻ പറയുന്നതെന്തെങ്കിലും ബാലു കേൾക്കുന്നുണ്ടോ?"

അൽപ്പം ഈർഷ്യയോടെയാണ് വേണി അത് ചോദിച്ചത്. അവളെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല കാറെടുത്തപ്പോൾ മുതൽ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു - സിജുവിന്റെ കല്യാണനിശ്ചയം മുതൽ വൈശാലിയുടെ 'വിശേഷം' വരെ എന്തൊക്കെയോ വിഷയങ്ങൾ അവളുടെ സംസാരത്തിൽ കടന്നുവന്നു. ആദ്യമെല്ലാം വെറുതെ മൂളിക്കൊണ്ടിരുന്നു. പിന്നീടെപ്പോളോ ചിന്തകൾ പൂർണമായും കൈവിട്ടുപോയി. പാവം, കല്യാണം കഴിഞ്ഞു അഞ്ചുവർഷമായിട്ടും അവൾക്കിപ്പോളും യാതൊരു മാറ്റവുമില്ല. ചെറിയ കാര്യത്തിന് പിണങ്ങുകയും, സന്തോഷിക്കുകയും ചെയ്യുന്ന പൊട്ടിപ്പെണ്ണ്. പരിഭവംകൊണ്ടോ, രാവേറിയതിന്റെ ക്ഷീണംകൊണ്ടോ എന്നറിയില്ല അവൾ കണ്ണുകളടച്ചു സീറ്റിൽ ചാരികിടക്കുകയാണ്. ഒരു പഞ്ഞിക്കെട്ടുപോലെ നാലുവയസ്സുകാരി 'മനോമി' അമ്മയുടെ മേൽ പറ്റിപ്പിടിച്ചുകിടക്കുന്നു.

മനോമി എന്ന ഈ പേരുപോലും എത്രയോ തർക്കങ്ങൾക്കുശേഷമാണ് വേണിയെക്കൊണ്ട് അംഗീകരിപ്പിച്ചത്. ആരെങ്കിലും ഇങ്ങനൊരു പേരിടുമോ എന്നായിരുന്നു ചോദ്യം. അതിരുകളില്ലാത്ത സ്നേഹത്തിന്റെ കഥപറഞ്ഞ മാധവിക്കുട്ടിയുടെ മനോമിയോട് എനിക്കുള്ള സ്നേഹം ഇങ്ങനെയല്ലാതെങ്ങനെ പ്രകടിപ്പിക്കാൻ കഴിയും. വേണി ഇപ്പോൾ ശരിക്കും ഉറങ്ങിക്കഴിഞ്ഞു - പാതിതുറന്ന ആ ചുണ്ടുകൾ സാക്ഷി. എന്തായാലും ഇനി വേണിയുടെ പിണക്കം മാറ്റാൻ വീടെത്തുംവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. മനോമി ഇടക്ക് ഉറക്കത്തിൽ ഞെട്ടുന്നുണ്ട്, കണ്ണുതുറക്കാതെതന്നെ അമ്മ കൈകൊണ്ട് മെല്ലെമെല്ലെ തട്ടികൊടുക്കുമ്പോൾ അവൾ വീണ്ടും ഉറങ്ങിപ്പോകുന്നു.

എ സി ഓഫ് ചെയ്തു കാറിന്റെ ചില്ലൊരൽപ്പം താഴ്ത്തിവെച്ചു. തണുത്തകാറ്റുവന്നു മുഖത്തു തഴുകുമ്പോൾ വല്ലാത്തൊരു സുഖം. ഡിസംബർ മാസമായിട്ടും പകലെല്ലാം പൊള്ളുന്ന വെയിലാണ്. രാത്രി വൈകുമ്പോളാണ് കുറച്ചാശ്വാസം കിട്ടുന്നത്. ആദ്യമെല്ലാം എ സി യിൽ കുറച്ചുനേരമിരിക്കുമ്പോൾ വല്ലാത്ത മനംപിരട്ടൽ അനുഭവപ്പെടാറുണ്ട്. പിന്നെപ്പിന്നെ അതങ്ങു ശീലമായി. മീനച്ചൂടിൽ  വെന്തുരുകുമ്പോൾ കോലായിലെ വെറുംനിലത്ത് പായവിരിച്ചു കിടന്നു ശീലിച്ചവന് നഗരത്തിലെ എ സിയുടെ കുളിര് എങ്ങനെ പരിചയമുണ്ടാകാനാണ്?

ടോൾഗേറ്റിലെ നിലക്കാത്ത ക്യൂ കഴിഞ്ഞിട്ടും വണ്ടികൾ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. നിരത്തിനു താങ്ങാനാവുന്നതിനേക്കാൾ അധികമായിരിക്കുന്നു വാഹനങ്ങൾ. ഒരു റിക്ഷപോലും ആർഭാടമെന്നു കരുതിയ എന്റെ കുട്ടിക്കാലത്തുനിന്ന്, ഒരുപക്ഷേ ജീവിതത്തിലൊരിക്കലും ബസിൽ കയറാൻ സാധ്യതയില്ലാത്ത മനോമിയിലേക്കുള്ള ദൂരം സമ്മാനിച്ച അനിവാര്യതയാണിത്.

ദൂരയാത്രകളിൽ പതിവുള്ളതുപോലെ ഡ്രൈവർസീറ്റ് കുറച്ചുകൂടി സൗകര്യപ്രദമായ രീതിയിൽ അഡ്ജസ്റ്റ് ചെയ്തു ചാരിയിരുന്നു.  കാർ സ്റ്റീരിയോ ഓൺ ചെയ്ത്, പെൻഡ്രൈവിലെ 'മെലഡീസ്' എന്ന പ്രിയഗാനങ്ങളുടെ ഫോൾഡർ തിരഞ്ഞെടുത്തു.

ഗാനഗന്ധർവന്റെ അമൃതധാര മനസ്സിനേയും കുളുർപ്പിക്കുന്നു. ശബ്ദമൊരൽപ്പം കുറച്ചുവെച്ചു; ഇനി മനോമി ഉണരേണ്ട. എപ്പോഴത്തെയുംപോലെ മനസ്സിനെ കെട്ടഴിച്ചു മേയാൻവിട്ടു.

എത്ര ഒഴിവാക്കാൻ ശ്രമിച്ചിട്ടും മനസ്സിപ്പോളും ചെന്നിടിച്ചു നില്കുന്നത് ഒരേ സ്ഥലത്താണ്. ഇന്നത്തെ പാർട്ടിക്കിടയിൽ തിരക്കൊഴിഞ്ഞ നേരംനോക്കി പ്ലേറ്റിൽ എന്തെല്ലാമോ കോരിനിറച്ച് ഹാളിന്റെ ഒരു മൂലയിൽ ഇരിക്കാനൊരു കസേരകിട്ടുമോ എന്ന് തപ്പുകയായിരുന്നു ഞാൻ. വേണി അവളുടെ കൂട്ടുകാരികൾക്കൊപ്പം കൊണ്ടുപിടിച്ച ചർച്ചയിലാണ്; മോളാണെങ്കിൽ മറ്റുകുട്ടികൾക്കൊപ്പം കളിച്ചുരസിക്കുകയും.

കസേര തിരയുന്ന കൂട്ടത്തിൽ അലസമായൊന്ന് ചുറ്റും കണ്ണോടിച്ചു. ഒരു മൂക്കുത്തിയുടെ തിളക്കമാണ് ആദ്യം കണ്ണിൽപ്പെട്ടത്. കൈയിൽ ഒരു ഭക്ഷണപ്ലേറ്റും പിടിച്ച് കൂട്ടത്തിലാരോ പറഞ്ഞ തമാശ കേട്ട് ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കുന്ന ഒരുവൾ. ഒരുവശത്തേക്ക് ചെരിഞ്ഞുനിൽക്കുന്നതിനാൽ മുഖം പാതിയേ കാണാനാകുന്നുള്ളൂ. ദീപാലങ്കാരങ്ങളാൽ കുളിച്ച മുറിയിലും വജ്രം പതിച്ച ആ മൂക്കുത്തി സൂര്യപ്രകാശമേറ്റ മഞ്ഞുതുള്ളി കണക്കെ തിളങ്ങുന്നുണ്ടായിരുന്നു. കടുംചുവപ്പു പട്ടുസാരിയിൽ തലക്കുമുകളിൽ നിറഞ്ഞുകത്തുന്ന ലൈറ്റിന്റെ പ്രഭയിൽ അവളൊരു സിന്ദൂരപ്പൊട്ടിനെ ഓർമിപ്പിച്ചു. എവിടെയോ കണ്ടുമറന്നൊരു മുഖച്ഛായ; ഒരുപക്ഷേ വേണിയുടെ കൂട്ടുകാരിയുടെ ബന്ധുവോ, സുഹൃത്തുക്കളിൽ ആരെങ്കിലുമോ ആയിരിക്കും. എന്തുകൊണ്ടോ ഒരു നൈമിഷികകൗതുകത്തിനപ്പുറം അവഗണിക്കാൻ പറ്റാത്തൊരു നീറ്റൽ ഉള്ളിലുടക്കിയതുപോലെ തോന്നി. തിരിഞ്ഞുനോക്കാനുള്ള ത്വരയെ അവഗണിച്ച് ഹാളിന്റെ ആളൊഴിഞ്ഞൊരു മൂലയിൽ സൗകര്യത്തിനൊരു സീറ്റ് തരപ്പെടുത്തി.

സാധാരണ ഇത്തരം കൗതുകങ്ങളെ അവഗണിക്കാറാണ് പതിവ്. സ്വതവേയുള്ള ലജ്‌ജാശീലവും അന്തർമുഖത്വവും അതിനു കാരണമാണെന്ന് വേണമെങ്കിൽ പറയാം. പക്ഷേ എന്തുകൊണ്ടോ ഈ മുഖം ഒരിക്കൽക്കൂടി ശരിക്കൊന്നു കാണണമെന്നൊരു തോന്നൽ. എന്തൊക്കെയോ നുള്ളിപ്പെറുക്കി കഴിച്ചെന്നുവരുത്തി കൈകഴുകാൻ നടന്നു. അറിയാതെ നോട്ടം ഹാളിന്റെ നാലു കോണുകളിലേക്കും പാറുന്നുണ്ടായിരുന്നു. എ സി യുടെ കുളിരിലും ചെറുതായി വിയർക്കുന്നതും ഹൃദയം ശക്തമായി മിടിക്കുന്നതും മാത്രമറിഞ്ഞു. കുട്ടിക്കാലത്ത് എന്തെങ്കിലും കുരുത്തക്കേടുകൾ ഒപ്പിച്ചിട്ടു വീട്ടിൽവരുമ്പോൾ തോന്നാറുള്ളതുപോലെ.

"ബാലൂ ആ വിൻഡോ ഒന്നടക്കൂ എന്റെ മുടിയാകെ പാറുന്നു"

വേണിയാണ്. ഓർമയിൽ ലയിച്ചിരുന്നതുകൊണ്ടു ചെറുതായൊന്നു ഞെട്ടി. അവൾ വീണ്ടും മയക്കത്തിലേക്കു വീണുകഴിഞ്ഞു. ഉറങ്ങുമ്പോൾ വേണിയുടെ മുഖം ഒരു കൊച്ചുകുട്ടിയെ ഓർമിപ്പിക്കും. ഇനി കാറ്റുകൊണ്ടു വണ്ടിയോടിക്കൽ നടക്കില്ല. അല്ലെങ്കിലും പുറത്തു തണുപ്പ് കൂടിയിരിക്കുന്നു. ഹൈവേയിലെ തിരക്കുകുറഞ്ഞ ഭാഗത്തുകൂടിയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ആഞ്ഞുപിടിച്ചാൽ ഒരു മണിക്കൂറിൽ വീട്ടിലെത്താം.

ഗന്ധർവനിൽ നിന്ന് വാനമ്പാടിയിലേക്ക് സംഗീതം ഒഴുകുന്നു..... മനോമിയുടെ ഇഷ്ടഗാനമാണ് ഇപ്പോൾ അന്തരീക്ഷത്തിൽ ഒഴുകുന്നത്.

ചില ഓർമ്മകൾ ബൂമറാങ് പോലെയാണ് - മനസ്സ് വീണ്ടും പാർട്ടിഹാളിലേക്കു തിരിച്ചുപോയി. എത്രയൊക്കെ തിരഞ്ഞിട്ടും ആ പെൺകുട്ടിയെ പിന്നീട് കാണാനൊത്തില്ല. വേണിയാണെങ്കിൽ കൂട്ടുകാരികൾക്കൊപ്പമുള്ള കത്തിവെക്കൽ ഇപ്പോളൊന്നും നിർത്തുന്നമട്ടില്ല. തെല്ലൊരു നിരാശയോടെ ഹാളിന് പുറത്തെ പുൽത്തകിടിയിലെ സിമെന്റ്‌ബെഞ്ചിൽ വന്നിരുന്നു.

പെട്ടെന്നാണാ ചിന്ത ഒരു കൊള്ളിയാൻപോലെ നെഞ്ചിലൂടെ പാഞ്ഞത്. ദൈവമേ അത് അവളായിരുന്നോ - ദീപ്തി?

ഓർമ്മകൾ കുറച്ചുവർഷം പിന്നിലേക്ക് അതിവേഗമോടി. കണക്കിന് മോശമല്ലാത്തതുകൊണ്ട് B. Sc.ക്ക് ഗണിതം ഐച്ഛികവിഷയമായി തിരഞ്ഞെടുത്തു. കലാലയജീവിതത്തിലെ രണ്ടാംവർഷം - സ്വതവേ അന്തർമുഖനെങ്കിലും കലോത്സവങ്ങളിലെ നിത്യസാന്നിധ്യം. ബാലഗോപാലൻ എന്ന പഴഞ്ചൻപേരിനെ 'ബാലു' എന്ന് പരിഷ്കരിച്ച് കോളേജ് മാഗസിനുകളിലും ചില ചെറിയ പ്രസിദ്ധീകരണങ്ങളിലുമൊക്കെ കഥ, കവിത, ലേഖനങ്ങൾ എന്നിവ എഴുതുന്ന കാലം. ആ വർഷത്തെ യൂത്ത് ഫെസ്റ്റിവലിന്റെ മലയാളം ഉപന്യാസമത്സരത്തിന് ഊഴവും കാത്തു പുറത്തു നിൽക്കുകയായിരുന്നു.

"കഴിഞ്ഞകൊല്ലത്തെ മാഗസിനിലെ കഥയൊക്കെ ഇഷ്ടപ്പെട്ടു, പക്ഷേ ചേട്ടന് ബാലഗോപാലൻ എന്ന പേരുതന്നെ വെക്കാമായിരുന്നു..സൂപ്പർ പേരല്ലേ"

ഇങ്ങനെ പറഞ്ഞ് പൊട്ടിച്ചിരിച്ച് കടന്നുപോയ B.Sc. ഫിസിക്സിലെ ഒന്നാംവർഷക്കാരി. അന്നവളെ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയതെങ്കിലും പിന്നീട് പലപ്പോളായുള്ള സംസാരങ്ങളിൽ നല്ലൊരു സുഹൃത്തിനെ കണ്ടെത്തി. ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന, നന്നായി കവിതചൊല്ലുന്ന, നിർത്താതെ സംസാരിക്കുന്ന ഒരു കിലുക്കാംപെട്ടി. ചങ്ങാത്തങ്ങൾ ഒരുപാടില്ലാത്തതുകൊണ്ട് ഉള്ളവയെ കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ടുനടക്കാറാണ് പതിവ്. മുറുകിയ വീണക്കമ്പിയിൽ നിന്നൊഴുകിയിറങ്ങുന്ന സംഗീതംപോലെ ശ്രുതിയും ലയവും ചേർന്നതായിരുന്നു ആ സൗഹൃദം .

അത്ഭുതമെന്നോ നിമിത്തമെന്നോ വിളിക്കേണ്ടതെന്നറിയില്ല. ഒരു പ്രസ്ഥാനത്തിലെയും അംഗമോ, പ്രവർത്തകനോ അതുമല്ലെങ്കിൽ മികച്ച വാഗ്‌ധോരണിയുടെ ഉടമയോ ഒന്നുമല്ലാത്ത എന്നെ, ആ വർഷത്തെ 'മാഗസിൻ എഡിറ്റർ' സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ ഒരു പ്രമുഖ വിദ്യാർഥിസംഘടന തീരുമാനിച്ചു. പലരുടെയും കാലുപിടിച്ചുനോക്കി ഒന്നൊഴിവാക്കിക്കിട്ടാൻ. ഒടുക്കം സ്നേഹവും ഭീഷണിയും കലർന്ന ചില നിർബന്ധങ്ങളുടെ സമ്മർദ്ദത്തിലും ദീപ്തിയെപ്പോലുള്ളവരുടെ പിന്തുണപകർന്ന ധൈര്യത്തിലും മത്സരിക്കാൻ തീരുമാനിച്ചു. മത്സരം കടുപ്പമായിരുന്നില്ല; സംഘടനയുടെ ഫുൾപാനൽ തന്നെ വിജയിച്ചു. ഇലക്ഷൻ ക്യാമ്പയിനിങ്ങിന്റെ ഭാഗമായി ഞങ്ങൾക്ക് ഒന്നിച്ചിടപഴകാനുള്ള അവസരങ്ങൾ ഒരുപാടുണ്ടായി.

തിരഞ്ഞെടുപ്പിന്റെയും വിജയത്തിന്റെയും ആഹ്ലാദങ്ങൾക്കിടയിലും, ഹൃദയം മഴക്കാറുകണ്ട മയിലിനെപ്പോലെ നൃത്തം വെച്ചുകൊണ്ടിരുന്നു. പഴയതുപോലെ എഴുതാനാകുന്നില്ല, നോട്ടങ്ങൾ പുതിയ അർത്ഥതലങ്ങൾ തേടുന്നു, മുൻപെങ്ങുമില്ലാത്തവിധം രാത്രിക്കു നീളംകൂടിയതുപോലൊരു തോന്നൽ, അവളോട് സംസാരിക്കുമ്പോൾ കണ്ണുകൾ പിടക്കുന്നു, ഉള്ളംകൈ വിയർക്കുന്നു. മെല്ലെമെല്ലെ ഞാനറിഞ്ഞു ആദ്യാനുരാഗം അതിന്റെ വിത്തുകൾ എന്നിലും പാകിയിരിക്കുന്നെന്ന്. തുറന്നുപറയാനുള്ള ധൈര്യമില്ലാത്തതുകൊണ്ടോ, ഈ സൗഹൃദം നഷ്ടപ്പെടുമെന്ന ഭയംകൊണ്ടോ മോഹങ്ങൾ എന്റെയുള്ളിൽത്തന്നെ തൽക്കാലത്തേക്ക്  കുഴികുത്തിമൂടി. രണ്ടുവർഷം അടുത്തുകാണുകയും ഇടപഴകുകയും ചെയ്യാമല്ലോ, എപ്പോളെങ്കിലും അവൾക്കെന്നോടും ഇതേവികാരം തോന്നാതിരിക്കില്ല, അങ്ങനെ ഒരുറപ്പായതിനുശേഷം എല്ലാം സാവകാശം പറയാം എന്ന ധൈര്യമായിരുന്നു മനസ്സുനിറയെ.

"ക് ടിം"

"ബാലു വണ്ടിയോടിക്കുമ്പോൾ ഉറങ്ങിപ്പോയോ?"

ആ ശബ്ദവും വേണിയുടെ ചോദ്യവും ഒരുമിച്ചുവന്നതുപോലെ തോന്നി. മുന്നിൽപ്പോയ മണ്ണുലോറിയിൽ നിന്നൊരു കുഞ്ഞുകല്ലു തെറിച്ചുവന്നു കാറിന്റെ ചില്ലിൽ അടിച്ചതാണ്. മനസ്സ് മറ്റെവിടെയൊക്കെയോ ആയിരുന്നതിനാൽ അറിയാതെ ബ്രേക്കിൽ കുറച്ചധികം കാലമർന്നു; അതാണ് വേണിയെ ഞെട്ടിച്ചത്. കാർ റോഡരികിൽ ഒന്നൊതുക്കിയിട്ട് പുറത്തിറങ്ങി നോക്കി. ഭാഗ്യത്തിന് ചില്ല് പൊട്ടിയിട്ടില്ല. ടയർ കരിഞ്ഞ മണമാണ് വായുവിലെങ്ങും. കാറിൽ കയറി എയർ ഫ്രഷ്‌നെർ തുറന്നുവെച്ചപ്പോൾ ഏതോ പൂക്കളുടെ ഹൃദ്യമായ സുഗന്ധം പരന്നു.

"കുറച്ചുനേരത്തിൽ വീടെത്തും. സുഖമായി ഒന്നുകൂടി മയങ്ങിക്കോളൂ"

വേണിയെ സമാധാനിപ്പിച്ചു വണ്ടി മുന്നോട്ടെടുത്തു.

കാലമെന്ന കളിക്കാരൻ ചതുരംഗപ്പലകയിലെ ഞെട്ടിക്കുന്ന ചില നീക്കങ്ങളിലൂടെ നമ്മുടെ ജീവിതം കീഴ്മേൽ മറിക്കും. കൊടിമരം നശിപ്പിച്ചു എന്ന സ്ഥിരം പ്രശ്നത്തിൽ തുടങ്ങിയ ചെറിയ കശപിശ വൻ സംഘട്ടനത്തിലും, അതേത്തുടർന്ന് കോളേജിന്റെ അനിശ്ചിതകാലത്തേക്കുള്ള അടച്ചിടലിലുമാണ് സമാപിച്ചത്. കുട്ടികളുടെ സമരം മുതിർന്നവർ ഏറ്റെടുത്തു കാര്യങ്ങൾ കൂടുതൽ വഷളാക്കി. നേരിട്ട് സംഘട്ടനവുമായി ബന്ധമില്ലെങ്കിൽപ്പോലും യൂണിയൻ ഭാരവാഹി എന്നനിലയിൽ മറ്റുള്ളവർക്കൊപ്പം ഞാനും സസ്‌പെൻഡ് ചെയ്യപ്പെട്ടു.

സമരം പതുക്കെ ഒരു ക്രമസമാധാന പ്രശ്നമായി മാറിക്കൊണ്ടിരുന്നു. മാനേജ്‌മെന്റും വിദ്യാർത്ഥി യൂണിയനും കടുകിട വിട്ടുകൊടുത്തുമില്ല. സമാധാനചർച്ചകൾ പലതും കൈയാങ്കളിയിലാണ് അവസാനിച്ചത്. കാര്യങ്ങൾ പിടിവിട്ടുപോകുന്നുവെന്നു തോന്നിയതുകൊണ്ട് ഒടുക്കം കളക്ടർ നേരിട്ട് പ്രശ്നത്തിലിടപെട്ട് ഒരു ഒത്തുതീർപ്പുവ്യവസ്ഥവെച്ചു. അതുപ്രകാരം കോളേജ് യൂണിയൻ ഭാരവാഹികളെ ആ വർഷത്തെ പരീക്ഷ എഴുതാൻ മാനേജ്‌മന്റ് അനുവദിക്കും, അവരുടെ കോണ്ടാക്ട് സർട്ടിഫിക്കറ്റിൽ യാതൊരു നെഗറ്റീവ് റിമാർക്സ് ഉണ്ടാവുകയുമില്ല, കോളേജിലെ ഉപകരണങ്ങൾക്കു സംഭവിച്ച നഷ്ടം മാനേജ്‌മന്റ് തന്നെ നികത്തും, വിദ്യാർത്ഥികൾക്കെതിരെയുള്ള എല്ലാ പോലീസ് കേസും പിൻവലിക്കും. പക്ഷെ ഇതിനെല്ലാം പകരമായി യൂണിയൻ ഭാരവാഹികൾ ഈ അദ്ധ്യയനവർഷത്തിനപ്പുറം കോളേജിൽ ഉണ്ടാകാൻ പാടില്ല എന്നതാണ് മാനേജ്‌മെന്റ് ആവശ്യം. ഭാരവാഹികളിലധികവും അവസാനവർഷക്കാരായതുകൊണ്ടു ഈ വ്യവസ്ഥ അംഗീകരിക്കപ്പെട്ടു. അമ്മയുടെ കണ്ണീരിന്റെയും അച്ഛന്റെ ഭീഷണികളുടെയും മുന്നിൽ നിരുപാധികം കീഴടങ്ങിയ ഞാൻ കോളേജ് തുറന്നപ്പോളും ക്ലാസ്സിൽ പോയില്ല. അല്ലെങ്കിലും സ്റ്റഡിലീവിന്‌ വേണ്ടി കോളേജടക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

പരീക്ഷയെഴുതാൻ വന്ന ഓരോ ദിവസവും കണ്ണുകൾ ദീപ്തിയെ തിരഞ്ഞുകൊണ്ടിരുന്നു; ആദ്യവർഷക്കാരുടെ പരീക്ഷകൾ വേറെ ദിവസമായിരുന്നുവെന്ന് അറിയാമായിരുന്നെങ്കിലും!

ഇതുവരെ സംഭവിച്ചതിന്റെ നടുക്കം മാറാത്തതുകൊണ്ട് ഓരോ ദിവസവും അച്ഛൻ കൂടെവന്നു പരീക്ഷ കഴിയുംവരെ കാത്തിരുന്നു, ഒരുമിച്ച് വീട്ടിലേക്ക് തിരിച്ചുപോയി. ടി സി എന്ന ഔപചാരികതയിൽ ആ കലാലയത്തിലെ പഠനമവസാനിപ്പിച്ചു മറ്റൊരിടത്തു ചേക്കേറി. പിന്നീടറിഞ്ഞു - പുതുക്കിയ എൻട്രൻസ് റാങ്ക്‌ലിസ്റ്റിൽ പേര് ഇടംപിടിച്ചതിനെത്തുടർന്ന് അവൾ പരീക്ഷകൾപോലും മുഴുമിപ്പിക്കാൻ നിൽക്കാതെ കോളേജ് വിട്ടുപോയെന്ന്.

പൂക്കുന്നതിനുമുമ്പേ കരിഞ്ഞുപോയ ആദ്യാനുരാഗത്തിന്റെ അലകൾ ഒരുപാടുകാലം ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു പിന്നീടും. ചൂടുവെള്ളത്തിൽ ഒരിക്കൽ വീണതുകൊണ്ട് അവസാനവർഷവും തുടർന്ന് P G യും മനസ്സിരുത്തി പഠിച്ചു, പാസാകുമ്പോളേക്കും നല്ലൊരു ജോലിയും തേടിവന്നു. ഇടക്കിടക്ക് പഴയ ഡയറിത്താളുകൾ മറിച്ചുനോക്കുമ്പോൾ ഈ പേര് എവിടെയൊക്കെയോ കുഞ്ഞുനൊമ്പരങ്ങൾ സൃഷ്ടിച്ചു. പക്ഷേ ജീവിതമെന്ന വലിയ പുസ്തകത്തിൽ വേണി എന്ന നാമം മറ്റെല്ലാപേരുകളെയും മായ്ച്ചുകളഞ്ഞു. ഇപ്പോഴാകട്ടെ ജീവിതം മനോമിക്കുചുറ്റും കിടന്നു കറങ്ങുകയാണ്.

"സലാം സാബ്"

ഫ്ളാറ്റിലെ സെക്യൂരിറ്റിയാണ്. ഉറക്കച്ചടവുള്ള കണ്ണോടെ അവൻ ഗേറ്റ് തുറന്നുതന്നു.

"വേണീ നമ്മൾ വീടെത്തി"

മെല്ലെ സീറ്റ്ബെൽറ്റ് അഴിച്ചുമാറ്റി വേണിയും ഇറങ്ങാൻ തയ്യാറായി. കാർ പാർക്കിങ് കുറച്ചകലെയാണ് അതുകൊണ്ട് അവരെ ലിഫ്റ്റിനരികെ ഇറക്കി. ഉറക്കത്തിനു ഭംഗം വന്നതുകൊണ്ടാകും മനോമി ചെറുതായി ചിണുങ്ങുന്നുണ്ട്.

"ബാലൂ ഞാൻ ഡോർ ലോക്ക് ചെയ്യാതെ ചാരിയിട്ടേക്കാം. ഈ പെണ്ണിനെ വേഗം ഉറക്കിയില്ലെങ്കിൽ അവൾ ഇന്ന് വീട് തലകീഴാക്കും"

ഫ്ലാറ്റിന്റെ താക്കോൽ കൈയിലെടുത്ത് മനോമിയെ തോളിലിട്ട് വേണി ലിഫ്റ്റ് കയറിപ്പോയി.

രണ്ടു കാറുകൾക്കിടയിൽ കഷ്ടപ്പെട്ട് നേർരേഖയിൽ കാർ പാർക്ക് ചെയ്യുമ്പോളും, കാറിൽ അങ്ങിങ്ങു ചിതറിക്കിടന്ന മനോമിയുടെ കളിപ്പാട്ടങ്ങളും, ഭക്ഷണാവശിഷ്ടങ്ങളും ഓരോന്നായി പെറുക്കിയെടുക്കുമ്പോളും ചിന്തിച്ചിരുന്നത് ഇതായിരുന്നു - ഒരുപക്ഷേ അത് ദീപ്തിയായിരുന്നെങ്കിൽ അവളെന്നോട് എന്താകും ചോദിക്കുക? ഒരുപക്ഷേ ആ കലാലയസംഘട്ടനം നടന്നില്ലായിരുന്നെങ്കിൽ? ഒരുപക്ഷേ എനിക്കൊരൽപ്പംകൂടി ധൈര്യമുണ്ടായിരുന്നെങ്കിൽ?

ഓർത്തപ്പോൾ ചിരിവന്നു. അല്ലെങ്കിലും ഒരുപാട് 'ഒരുപക്ഷേ'കളുടെ  ആകെത്തുകയാണല്ലോ ഈ ജീവിതമെന്നു പറയുന്നത്.
അതങ്ങനെ സ്വച്ഛമായൊഴുകട്ടെ. നടന്നവഴികളിൽ ഇനിയൊരു തിരിച്ചുപോക്കില്ല. ഓർമകളുടെ നനഞ്ഞ മണ്ണിലെ കാലടികളെ കാലത്തിന്റെ കടൽത്തിരകൾ മായ്ച്ചുകഴിഞ്ഞിരിക്കുന്നു...
"ഒരുകൊച്ചു രാപ്പാടി കരയുമ്പൊഴും.. 
നേർത്തൊരരുവിതൻ താരാട്ടു തളരുമ്പൊഴും...  
കനിവിലൊരു കല്ലു കണിമധുരമാകുമ്പോഴും... 
കാലമിടറുമ്പോഴും.... 
നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നൂ... 
നിന്നിലഭയം തിരഞ്ഞുപോകുന്നൂ...."
ഓഫ് ചെയ്യാൻ മറന്ന കാർ സ്റ്റീരിയോയിൽനിന്ന് സംഗീതം അപ്പോഴും   ഒഴുകുന്നുണ്ടായിരുന്നു....ഓളങ്ങളില്ലാത്തൊരു പുഴപോലെ...

ഒരുനിമിഷംകൂടി ആ നാദധാരക്ക് കാതോർത്തതിനുശേഷം സ്റ്റീരിയോ ഓഫാക്കി കാർ കീ വലിച്ചൂരിയെടുത്തു.

സമയമില്ല..... മനോമി കാത്തിരിക്കുകയാകും അവളുടെ അച്ഛനെ കെട്ടിപ്പിടിച്ചുറങ്ങാൻ....


8 comments:

  1. മഹേഷ്‌...

    നല്ല ഇഷ്ടം.

    ദീപ്തി എന്ത്‌ പറഞ്ഞേനെ എന്ന് ഞാനും ചിന്തിച്ചു പോകുന്നു.

    കഥ വളരെ നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി സുധീ... ദീപ്തി എന്ത് പറഞ്ഞേനെ എന്ന് നമുക്ക് തൽക്കാലം ഊഹിച്ചെടുത്തു പൂരിപ്പിക്കാം ;-)

      Delete
  2. പറയാതെ പോയ പ്രണയമാണ് യഥാർത്ഥ പ്രണയമെന്ന് ആരോ പറഞ്ഞതോർക്കുന്നു. എന്തായാലും മഹേഷ് നന്നായി എഴുതി. കാറിന്റെ ചില്ലിൽ ചെറിയ കല്ല് കൊണ്ടപ്പോൾ ഓർമ്മകൾക്ക് തൽക്കാലം അവധികൊടുത്തു വണ്ടിയോടിക്കുന്നതിൽ ശ്രദ്ധിക്കൂ എന്നു ബാലുവിനോട് പറയാൻ തോന്നിപ്പിക്കും വിധം നന്നായി എഴുതി

    ReplyDelete
    Replies
    1. അനിൽഭായ്, നിങ്ങളെപ്പോലെ എഴുതിതെളിഞ്ഞവർ പറയുന്ന നല്ലവാക്കുകൾ തരുന്ന ഊർജ്ജം ചെറുതല്ല...

      മറുപടി വൈകിയതിൽ ക്ഷമിക്കണേ.

      Delete
  3. സുഷ്ഠു ഉക്തം


    കുഴൽക്കിണർ ജന്മമെടുക്കുന്നതിന്റെ മുരൾച്ച
    ഉള്ളിലുടക്കിയ നീറ്റൽ
    ഓളങ്ങളില്ലാത്തൊരു പുഴ

    വളരെ നന്നായി എഴുതി.

    ReplyDelete
    Replies
    1. വളരെ സന്തോഷം വായനക്കും ഈ അഭിപ്രായത്തിനും. മറുപടി തരാൻ വൈകിയതിൽ ക്ഷമിക്കണേ...

      Delete
  4. വായിക്കുന്ന വാക്കുകൾ മനസിൽ കേൾക്കുന്നതിന് പകരം കാണാൻ കഴിയുമെങ്കിൽ ആ വാക്കുകൾക്ക് ജീവനുണ്ടെന്നർത്ഥം... ആ കഴിവ് ഈ കഥയ്ക്കുണ്ട്..
    ദീപ്തിയെ ഒന്ന് കണ്ടു പിടിക്കണ്ടേ മഹേഷേട്ടാ..

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്ക് നന്ദി ആനന്ദ്.

      ദീപ്തിയെ ബാലു കണ്ടുപിടിക്കട്ടെന്നേ നമ്മളെന്തിനാ കഷ്ടപ്പെടുന്നത് ;-)

      Delete