കോവിഡ് കാലത്ത് വീട്ടിലിരുപ്പായപ്പോൾ പെട്ടെന്നുണ്ടായ ഒരു വെളിപാടായിരുന്നു ഒരു സൈക്കിൾ വാങ്ങിയാലോ എന്നത്. എന്തെങ്കിലും വാങ്ങാൻ ചെറിയൊരാഗ്രഹം തോന്നിയാൽ, പിന്നെ പുറത്തിറങ്ങുമ്പോഴെല്ലാം എന്റെ കണ്ണുകൾ അതേ വസ്തുവിനെ എവിടെനിന്നെങ്കിലുമൊക്കെ തേടിപ്പിടിച്ച് വാങ്ങുന്നില്ലേ, വാങ്ങുന്നില്ലേ എന്ന് വെറുതേ ചോദിച്ചുകൊണ്ടേയിരിക്കും. ഒടുക്കം കയ്യിലെ കാശ് പോയിക്കഴിയുമ്പോൾ ആ ചോദ്യത്തിന് ഒരുത്തരമാകും. സൈക്കിൾ എന്ന ആഗ്രഹം മനസ്സിൽ കയറിയതിൽപ്പിന്നെ പുറത്തിറങ്ങുമ്പോളെല്ലാം എന്റെ മുന്നിലൂടെ ചെറുതും വലുതുമായ ഒരുപാട് സൈക്കിളുകൾ കിണികിണി നാദം മുഴക്കി കടന്നുപോയ്‌ക്കൊണ്ടേയിരുന്നു. ഈ സൈക്കിളുകളെല്ലാം ഇത്രയുംകാലം ഇവിടെത്തന്നെ ഉണ്ടായിരുന്നില്ലേ എന്നുചോദിച്ചാൽ സത്യത്തിൽ എനിക്കറിയില്ല! എന്തായാലും ഇനി ഒരു നിമിഷം പോലും കാത്തുനിൽക്കാതെ സൈക്കിൾ വാങ്ങുക എന്ന തീരുമാനത്തിലെത്തി. അപ്പോഴാണ് അടുത്ത പ്രശ്നം ഉടലെടുത്തത്. കുട്ടിക്കാലത്ത് സൈക്കിൾ വാങ്ങുമ്പോൾ BSA SLR വേണോ അതോ വലിയവർ ചവിട്ടുന്ന സൈക്കിൾ വേണോ എന്ന വളരെ ലളിതമായ ഒരു തീരുമാനം എടുത്താൽ മതിയായിരുന്നു. ഇപ്പോൾ അങ്ങനെയല്ല - ഗിയർ ഉള്ളത്/ഇല്ലാത്തത്, വലിയത്/മീഡിയം/ഇടത്തരം വലുപ്പമുള്ള ടയർ, നേരെ ഇരുന്നു ചവിട്ടുന്നത്/കിടന്നു ചവിട്ടുന്നത് അങ്ങനെ ഏതാണ്ട് പണ്ടത്തെ കഥകളിൽ ആരുടെ കഴുത്തിൽ മാല ഇടണം എന്നറിയാതെ സ്വയംവരത്തിനു നിൽക്കുന്ന രാജകുമാരിമാരുടെ അവസ്ഥയായി എനിക്ക്. അപ്പോഴാണ് സുഹൃത്തെന്നും സഹോദരനെന്നും വിളിക്കാവുന്ന മനൂപ് സ്വന്തം സൈക്കിളുമായി നിൽക്കുന്ന ഫോട്ടോ വാട്സാപ്പിൽ കണ്ടത്. "മനൂപേ ഞാനൊരു സൈക്കിൾ വാങ്ങിയാലോ എന്നാലോചിക്കുന്നുണ്ട്" എന്ന് വെറുതേ ഒന്ന് പറഞ്ഞതേയുള്ളൂ. 'സൈക്കിൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ' എന്ന വിഷയത്തിൽ അതിഗംഭീരമായ ഒരു പ്രബന്ധം തന്നെ വോയിസ് മെസ്സേജ് ആയി അയച്ചുതന്നു. അതുമുഴുവൻ കേട്ടുകഴിഞ്ഞു ബഹുമാനംകൊണ്ട് ഞാൻ അഞ്ചുമിനിറ്റ് എഴുന്നേറ്റുനിന്നു. കാരണം ഒരു കല്യാണം കഴിക്കാൻപോലും ഇത്രയധികം കാര്യങ്ങൾ ഇത്ര ആഴത്തിൽ ഞാൻ ചിന്തിച്ചിട്ടില്ല. എന്തായാലും, ഇതെല്ലാം വിശദമായി പഠിച്ച് സൈക്കിൾ വാങ്ങണമെങ്കിൽ ഒരു സെമസ്റ്റർ വേണ്ടിവരുമെന്ന് ബോധ്യമായതിനാൽ, മനൂപിന്റെ കാറിൽ, മനൂപിനെക്കൊണ്ടു തോപ്പുംപടിവരെ ഡ്രൈവ് ചെയ്യിച്ച്, മനൂപ് നിർദ്ദേശിച്ച ഒരു ഗിയർ സൈക്കിൾ വാങ്ങി ഞാൻ മാതൃകയായി. എന്തായാലും അതിനുശേഷം ഒരു വിഷയത്തിൽ ഞാൻ എന്തെങ്കിലും ഉപദേശം ചോദിച്ചാൽ വളരെ ആലോചിച്ചുമാത്രമേ മനൂപ് മറുപടി തരാറുള്ളൂ.
സൈക്കിൾ വാങ്ങി, ഇനി ഗിയർ ഇടാൻ പഠിക്കുന്നതാണ് അടുത്ത ഘട്ടം. കാറിനുപോലും അഞ്ച് അല്ലെങ്കിൽ ആറ് ഗിയർ മാത്രമേയൂള്ളൂ എന്നിരിക്കെ സൈക്കിളിന് മാത്രം ഇരുപത്തൊന്നു ഗിയറുകൾ അതും രണ്ടുകൈകൊണ്ടും മാറി മാറി ഇടേണ്ടത് എന്തിനാണ് എന്നാലോചിച്ച് എന്റെ തലയിൽ നിന്ന് ഒരുപാട് കിളികൾ പറന്നുപോയി. എന്തായാലും സൈക്കിൾ വാങ്ങിയ സ്ഥിതിക്ക് ഇനി ഇതൊന്നും പഠിക്കാതെ പറ്റില്ലല്ലോ എന്നുകരുതി യൂട്യൂബിൽ കയറി. എന്നത്തേയുംപോലെ ഹോം പേജിൽ കണ്ട 10-12 സിനിമകളുടെ ട്രൈലെർ, ഫണ്ണി വീഡിയോസ് അങ്ങനെ ആവശ്യമുള്ളതൊഴിച്ച് എല്ലാ വിഡിയോകളും കണ്ടു. അവസാനം ഉറങ്ങുന്നതിനുമുൻപ് 'ഗിയർ ഷിഫ്റ്റിംഗ് എളുപ്പത്തിൽ പഠിക്കാം' എന്ന വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ ഇതൊക്കെ നിസ്സാരം എന്ന എന്തെന്നില്ലാത്ത ഒരാത്മവിശ്വാസം ഉള്ളിൽ നിറഞ്ഞു. അങ്ങനെ ഐശ്വര്യമായി പിറ്റേന്ന് രാവിലെ സൈക്കിളുമെടുത്ത് പുറത്തിറങ്ങി. ഗിയർ ഇടുന്ന പാറ്റേൺ മറന്നുപോകാതിരിക്കാൻ കൈവെള്ളയിൽ എഴുതിയുംവെച്ചു (പണ്ട് പരീക്ഷക്ക് പോകുമ്പോൾ ഇങ്ങനെ കൈവെള്ളയിൽ എഴുതിയിട്ടിരുന്നോ എന്നൊന്നും ആരും ചോദിക്കരുത്; ഞാൻ ആ ടൈപ്പല്ല എന്ന് എല്ലാവർക്കും അറിയാമല്ലോ). തപാൽ വഴി നീന്തൽ പഠിച്ചുകഴിഞ്ഞു ആദ്യമായി കുളത്തിലോ പുഴയിലോ നീന്താൻ പോകുന്ന ആളുടെ ഒരവസ്ഥയുണ്ടല്ലോ ഏതാണ്ട് അതേ അവസ്ഥയായിരുന്നു ആദ്യത്തെ ദിവസം. ചെയ്യേണ്ട കാര്യങ്ങളെല്ലാം മനസ്സിൽ വളരെ വ്യക്തമായുണ്ട്, പക്ഷെ റോഡിലെത്തി ഗിയർ മാറ്റിയതും 'ആരാടാ രാവിലെതന്നെ വീടിന്റെ മുന്നിൽ വന്നു പടക്കം പൊട്ടിക്കുന്നത്?' എന്നൊരു ചേട്ടൻ ഓടിവന്നു ചോദിച്ചതും ഒരുമിച്ചായിരുന്നു. യൂട്യൂബിൽ പഠിച്ച തിയറിയുടെ നേരെ വിപരീതമായി ഗിയർ ഇട്ടതുകൊണ്ടു സൈക്കിൾ ഉണ്ടാക്കിയ ശബ്ദകോലാഹലമാണ് ചേട്ടന് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. എന്തായാലും പിന്നെയുള്ള കുറച്ചു ദിവസങ്ങൾ തലങ്ങും വിലങ്ങും ഗിയറുകൾ ഇട്ട് അതൊരുവിധം പഠിച്ചു. സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ എന്റെ സൈക്കിൾ ആ ദിവസങ്ങളിൽ തലതല്ലി കരഞ്ഞേനെ.
പണ്ട് പഠിച്ച പൊട്ടൻഷ്യൽ എനർജി, കൈനെറ്റിക്ക് എനർജി ഇവയൊക്കെ സൈക്കിൾ ചവിട്ടുമ്പോൾ ശരിക്കും ഓർമ്മവരും. സൈക്കിളിന്റെ ഏറ്റവും വലിയ പ്രത്യേകത നമ്മൾ ഉള്ള ശക്തി മുഴുവനെടുത്ത് ആഞ്ഞുചവിട്ടിയാൽ മാത്രമേ മുന്നോട്ട് നീങ്ങൂ എന്നതാണ്. അതാകട്ടെ ഫേസ്ബുക്കിൽ തള്ളുന്നപോലെ എളുപ്പമല്ല എന്ന സത്യം ആദ്യ ദിവസങ്ങളിൽ തന്നെ ശരിക്കും മനസ്സിലായി. എന്റെ വീടിനടുത്തുള്ള മെയിൻ റോഡിൽ നിന്ന് വലത്തോട്ടുപോയാലും, ഇടത്തോട്ടുപോയാലും കയറ്റങ്ങളാണ്. ഈ കയറ്റങ്ങൾ നോക്കി നെടുവീർപ്പിട്ട് 'കമോൺ ഡ്രാ മഹേഷേ.... യു ആർ ദി ബെസ്റ്റ്' എന്നൊക്കെ സ്വയം പറഞ്ഞു കഷ്ടപ്പെട്ട് ചവിട്ടിക്കയറുമ്പോഴായിരിക്കും അഞ്ചിലും ആറിലും പഠിക്കുന്ന കുട്ടികൾ ഡബിൾസും, ട്രിപ്പിൾസും വെച്ച് ഒരു ഗിയർ പോലുമില്ലാത്ത സൈക്കിൾ പാട്ടുംപാടി ഓടിച്ചുകൊണ്ടുപോകുന്നത്. പോകുന്നപോക്കിൽ നമ്മുടെ കഷ്ടപ്പാട് കണ്ടു ഒന്ന് ചിരിച്ചിട്ടും പോകും. എന്തായാലും എല്ലാവരെയും ഞാൻ നോട്ട് ചെയ്തുവെച്ചിട്ടുണ്ട്. കുറച്ചുകാലത്തെ സൈക്ലിംഗ് പരിശീലനംകൂടി കഴിഞ്ഞിട്ടുവേണം മിസ്റ്റർ പോഞ്ഞിക്കര മോഡലിൽ അമ്പതുപൈസക്ക് ബെറ്റ് വെച്ച് പിള്ളേരെ റേസ് നടത്തി തോൽപ്പിക്കാൻ.
"ഞാനൊരരക്കവിയാമോ" എന്ന് കുഞ്ഞുണ്ണിമാഷ് സംശയിച്ചപോലെ ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ട് ഞാനൊരു അര സൈക്ലിസ്റ്റ് എങ്കിലും ആയിക്കാണില്ലേ എന്ന സംശയം ഇടക്കൊക്കെ എനിക്കും തോന്നാറുണ്ട്. എന്തായാലും കുറേനാളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്. അതുകൊണ്ട് പെട്ടെന്ന് മനസ്സിൽവന്നത് അതേപടി കുറിച്ചിട്ടു എന്നേയുള്ളൂ! സൈക്ലിങ്ങിനിടയിലെ സുഹൃദ്ബന്ധങ്ങൾ, കണ്ട കാഴ്ചകൾ, രസകരമായ യാത്രകൾ, അനുഭവങ്ങൾ അതിനെപ്പറ്റിയൊക്കെ വഴിയേ എഴുതാം
ഉഷാറായി...
ReplyDeleteസ്നേഹം മുബിച്ചേച്ചി ❤️
Deleteമഹേഷേ
ReplyDeleteനന്ദി സ്നേഹം സുധീ ❤️
Delete🥰🥰🥰
Deleteസൈക്കിൾ യാത്രകളുടെ രസകരമായ വിവരങ്ങൾ പോരട്ടെ 👍👍
ReplyDeleteതീർച്ചയായും ചേച്ചീ ❤️
Deleteരസകരം
ReplyDeleteനന്ദി സ്നേഹം ❤️❤️
Deleteദേ.... വീണ്ടും...
ReplyDeletenalla rasamulla post, kurekkalamayi njan blog thurakkarilla, ippozha ithokke vaayikkunnath
ReplyDeleteithilezhuthiyath vaayikkumbol ente manassilulla karyangal pole thanne, njangade veedu reonovate cheythappolan kambiyude vila njan manassilaakiyath. pinneed etho sinimayude climaxil hero jayil kambi pitichu nikkunna rangamaan, aa nimisham orthath, enthoru vilapidippulla kambiyan ayal pidichirikkunnath ennan
എങ്ങനെയോ ഈ കമന്റിന് റിപ്ലൈ ഇടാൻ വിട്ടുപോയി. വായിച്ചതിനും കമന്റിയതിനും സ്നേഹം...🥰 സിനിമയിലെ ഹീറോയുടെ കയ്യിലെ കമ്പിയുടെ വില വരെ ആലോചിച്ച ആ മനസ്സ്...... 😂
ReplyDeleteകുറെ നാളിനുശേഷം ചേച്ചിയും പുതിയ പോസ്റ്റ് ഒരെണ്ണം ഇട്ടുവല്ലേ.. ഇനി ഇത്രയും ഗ്യാപ് ഇല്ലാതെ ഇടയ്ക്കിടയ്ക്ക് ഓരോന്ന് ഇട്ടു ഞങ്ങളെ ചിരിപ്പിച്ചുകൂടെ 😋