Saturday 21 November 2020

വസന്തം ചെറിമരങ്ങളോട് ചെയ്തത്...

"ദാ പോയിട്ട്.... ദേ വരാം" എന്ന് ബാംഗ്ലൂരിനോട് പറഞ്ഞ് നാലുദിവസത്തെ ലീവിനാണ് നാട്ടിൽ വന്നത്. വന്നതിന്റെ പിന്നാലെ കൊറോണ ആയി, ലോക്ക് ഡൌൺ ആയി, ഞങ്ങൾ നാട്ടിൽ കുറ്റിയുമടിച്ചു വീട്ടിലിരിപ്പുമായി. ആദ്യത്തെ കുറച്ചുദിവസങ്ങൾ ആവേശത്തിന്റെ സ്പീഡോമീറ്റർ നൂറേ നൂറിൽ ആണ് കുതിച്ചത്. എത്രയോ വർഷങ്ങൾക്കുശേഷം അടുപ്പിച്ചു കുറച്ചുദിവസം നാട്ടിൽ നിൽക്കുക, ഇഷ്ടമുള്ള നാടൻ പലഹാരങ്ങൾ കഴിക്കുക, കൃത്രിമമായി ഉണ്ടാക്കുന്നതൊന്നും വേണ്ട എന്നുപറഞ്ഞ് മില്ലിൽ പോയി മല്ലി, മുളക് എന്നിവ പൊടിച്ചു ‌ കൊണ്ടുവരുക, വിവിധങ്ങളായ അച്ചാറുകൾ ഉണ്ടാക്കാൻ ആവശ്യമായ പ്രോത്സാഹനം നൽകുക അങ്ങനെ ആകെ ജഗപൊഗ. 

പക്ഷെ ദിവസങ്ങൾ കടന്നുപോയപ്പോൾ മനസ്സിന്റെ ഏതാണ്ട് വടക്കുകിഴക്കേ അറ്റത്തായി എന്തൊക്കെയോ ഒരു ശൂന്യത അനുഭവപ്പെടാൻ തുടങ്ങി. ആദ്യം കരുതിയത് ചിലപ്പോൾ ഓഫീസിൽ പോകാത്തതിന്റെ അസ്കിത ആയിരിക്കുമെന്നാണ്. പിന്നെ ആലോചിച്ചപ്പോൾ ഓഫീസിൽ പോകുമ്പോൾ ചെയ്യാറുള്ളതിന്റെ ഇരട്ടിപ്പണി ഇപ്പോഴും ചെയ്യുന്നുണ്ട്. അല്ലെങ്കിലും ജോലി കുറഞ്ഞെന്നുകരുതി വിഷമിക്കാൻ....ശേ... ഞാനത്ര മ്ലേഛനല്ലല്ലോ. 😉ഇനി ജോലിയൽപ്പം കുറഞ്ഞാലും, ശമ്പളം കൂട്ടിത്തന്നാൽ അത് പൊറുക്കാവുന്നതേ ഉള്ളൂ. അപ്പോ അതല്ല കാര്യം! പിന്നെ കുറച്ചുനേരം ഇരുന്നും, നടന്നും, കിടന്നും ഗഹനമായി ആലോചിച്ചു. ഇനി കൊറോണയെങ്ങാനും പിടിച്ചോ, അതിന്റെ ലക്ഷണമാണോ എന്ന് ഭാര്യയോട് സംശയം പറഞ്ഞപ്പോൾ, "കൊറോണ വന്നാൽ വിശപ്പും, രുചിയുമൊന്നും ഇല്ലാതാകും എന്ന് കേട്ടിട്ടുണ്ട്. നിങ്ങളുടെ പ്രകടനം കണ്ടിട്ട് അടുത്ത ഒരു കൊല്ലത്തേക്ക് കൊറോണ വരുമെന്ന് തോന്നുന്നില്ല..." എന്ന് മറുപടി കിട്ടി. അപ്പോൾ ഉറപ്പിച്ചു; സംഗതി ഡിപ്രെഷൻ തന്നെ. ഭാര്യയെ പേടിപ്പിക്കേണ്ട എന്നുകരുതി രഹസ്യമായി അമ്മയോട് പറഞ്ഞു. "നിനക്കല്ല ഡിപ്രെഷൻ; അടുക്കളയിലെ ടിന്നുകൾ കാലിയാകുന്ന സ്പീഡ് കണ്ടിട്ട് എനിക്ക് ഡിപ്രെഷൻ പിടിക്കും എന്നാ തോന്നുന്നത്" എന്ന മറുപടി കിട്ടി തിരുപ്പതിയായി. അപ്പോൾ അതുമല്ല. പിന്നെന്തായിരിക്കും ഈ തോന്നലിനു കാരണം? #ദിനേശൻ_വാണ്ട്സ്_ടു_നോ!

"ഒരഞ്ചാറുമാസം......കൂടിയാൽ ഒരു വർഷം അത് കഴിയുമ്പോ തിരിച്ചു നാട്ടിൽപോകാമെടാ" എന്നും പറഞ്ഞ് കൂട്ടുകാർക്കൊപ്പം ചെന്നതാണ് ബാംഗ്ലൂരിൽ. പിന്നെപ്പിന്നെ ആ നഗരത്തോട് വല്ലാത്തൊരിഷ്ടംതോന്നി അവിടെത്തന്നെ കൂടി. നാട്ടിലുള്ളപ്പോൾ ചില ദിവസങ്ങളിൽ - പ്രത്യേകിച്ചും വാരാന്ത്യങ്ങളിൽ - ബാംഗ്ലൂർ ജീവിതം ഓർമ്മവരും. അവിടെയായിരുന്നപ്പോൾ വീക്കെൻഡാകാൻ കാത്തിരിക്കും. അഞ്ചു ദിവസത്തെ ജോലിയുടെ മടുപ്പും ക്ഷീണവുമെല്ലാം കുടഞ്ഞെറിയുന്നത് ആ  ദിവസങ്ങളിലാണ്. ബാൽക്കണിയിലെ ഊഞ്ഞാലിൽ ചടഞ്ഞുകൂടിയിരുന്ന് ഒരു പുസ്തകത്തിൽ ഊളിയിട്ട് എല്ലാം മറന്നൊരു ഇരുപ്പ്, അടുക്കളക്ക് അവധികൊടുക്കുന്ന വൈകുന്നേരങ്ങളിൽ പുതിയ റെസ്റ്റോറന്റുകളിലെ രുചിവൈവിധ്യങ്ങൾ തേടിയുള്ള കുഞ്ഞുഡ്രൈവുകൾ,  റിലീസ് ആകുന്ന മലയാള ചിത്രങ്ങൾ ഒന്നുപോലും വിടാതെ സെക്കന്റ് ഷോ കാണാൻ പോകൽ, നാടക പരിശീലനം, കേരള സമാജത്തിന്റെ സാഹിത്യവേദികൾ, അപ്പാർട്മെന്റിലെ അസോസിയേഷൻ പ്രവർത്തനങ്ങൾ അങ്ങനെ കണ്ണടച്ചു തുറക്കുന്ന വേഗതയിലാണ് ശനിയും, ഞായറും കടന്നുപോകാറുള്ളത്. ഒരുദിവസം ഇഡലി കഴിച്ചുകൊണ്ടിരുന്നപ്പോളാണ് നാട്ടിൽ ഒരു വ്യത്യാസവുമില്ലാതെ കൊഴിഞ്ഞുവീഴുന്ന രാപ്പകലുകൾ ബാംഗ്ലൂരിനെ വല്ലാതെ ഓർമ്മിപ്പിക്കുന്നു എന്ന് തിരിച്ചറിഞ്ഞത്. ഈ നൊസ്റ്റാൾജിയ എന്നത് നാടിനോട് മാത്രം തോന്നുന്ന ഒരു വികാരമായിരുന്നു എന്നാണ് ഇത്രകാലവും കരുതിയിരുന്നത്. പക്ഷേ ആരും ക്ഷണിക്കാതെ മനസ്സിലേക്ക് തള്ളിക്കയറി വരുന്ന 'ബെംഗളൂരു നാൾകൾ' നാം വിട്ടുപോരുന്ന ഓരോയിടങ്ങളും നമ്മുടെ ഒരു ഓർമ്മത്തുണ്ടിനെ ബാക്കിവെക്കുന്നു എന്ന തിരിച്ചറിവുണ്ടാക്കി. 

ഇനിയും മനസ്സിനെ ഇങ്ങനെ വിട്ടാൽ ശരിയാകില്ലല്ലോ, എന്തെങ്കിലും ചെയ്തേപറ്റൂ എന്ന ചിന്തയിൽനിന്നാണ് പണ്ടത്തെ താൽപര്യങ്ങളിൽ ഒന്നായ പൂന്തോട്ടപ്പണി അഥവാ ഗാർഡനിംഗ് ഒന്ന് പൊടിതട്ടിയെടുത്തത്. മുൻപ് പൂന്തോട്ടമായിരുന്ന ഇടമെല്ലാം ചില ചരിത്രസ്മാരകങ്ങൾപോലെ കാട് കയറി കിടക്കുകയായിരുന്നു. വളരെ നിസ്സാരം എന്നുകരുതി തുടങ്ങിയ പണിയാണെങ്കിലും സംഗതി ഫേസ്ബുക്കിൽ പോസ്റ്റിടുന്നപോലെ എളുപ്പമല്ല എന്ന് വേഗം തന്നെ ബോദ്ധ്യപ്പെട്ടു. അയൽവക്കത്തും, ബന്ധുഗൃഹങ്ങളിലും ചോദിച്ചും, യാചിച്ചും, ഇരന്നും സംഘടിപ്പിച്ച ചെടികൾ കൊണ്ടൊരു പൂന്തോട്ടമൊരുക്കി. ജോലി കഴിഞ്ഞുള്ള ഇത്തിരി സമയത്ത് ചെയ്യുന്ന സൂത്രപ്പണികൾ ആയതുകൊണ്ട് ഇപ്പോഴും തോട്ടം കണ്ടാൽ വലിയ ലുക്ക് ഒന്നുമില്ല. പക്ഷേ  എന്നോട് ആരെങ്കിലും ചോദിച്ചാൽ പാവങ്ങളുടെ 'മുഗൾ ഗാർഡൻസ്' ആണെന്നേ പറയൂ. 😁😁 
ചിലപ്പോൾ തോന്നാറുണ്ട് എന്തിന് ഈ കഷ്ടപ്പാട്, ഇനി മതിയാക്കാം, ചെടികളൊക്കെ തന്നെ വളരുന്നെങ്കിൽ വളരട്ടെ എന്നൊക്കെ. പക്ഷെ പിറ്റേന്ന് രാവിലെ എഴുന്നേറ്റു തോട്ടത്തിലേക്കു നോക്കുമ്പോൾ ഈ ചിരിച്ചുനിൽക്കുന്ന മുഖങ്ങൾ കണ്ടാലുണ്ടല്ലോ എന്റെ സാറേ..... പിന്നെന്തുവേണമെങ്കിലും ചെയ്യാമെന്നു തോന്നിപ്പോകും. 

നെരൂദയെ കണ്ടെങ്കിൽ പറയാമായിരുന്നു, വസന്തം ചെറിമരങ്ങളോട് മാത്രമല്ല ഞങ്ങളുടെ തോട്ടത്തിലെ ചെടികളോടും എന്തൊക്കെയോ ചെയ്തുവെന്ന്. 💕💕


ഇനി ഇതൊക്കെ ഉപേക്ഷിച്ച് ഒരുദിവസം തിരിച്ചുപോകണമല്ലോ എന്നാലോചിക്കുമ്പോഴാണ്.......... 😒 

8 comments:

  1. കുറെ പൂക്കളൊക്കെയുണ്ടല്ലോ. തോട്ടപ്പണി തുടർന്നോളൂട്ടോ... :)

    ReplyDelete
    Replies
    1. തീർച്ചയായും മുബിച്ചേച്ചീ.. 😍 കൊറോണകാലത്ത് ഇതെങ്കിലും ഇല്ലെങ്കിൽ ആകെ ബോറായേനെ..

      Delete
  2. കൊറോണ വിഷാദങ്ങൾക്ക് മോചനമേകി ,
    പിണങ്ങി പോയ വസന്തകുമാരി തിരികെ വന്ന്
    അതി മനോഹര കാഴ്ച്ചവട്ടങ്ങളുമായി ആമോദത്തോടെ
    നിറഞ്ഞാടുകയാണല്ലൊ പൂന്തോട്ടം മുഴുവൻ...!
    മനസ്സിന് ആനന്ദം കിട്ടുവാൻ ഇതിപ്പരം എന്ത് വേണം ..ഭായ്

    ReplyDelete
    Replies
    1. ശരിയാണ് മുരളിയേട്ടാ... രാവിലെ എഴുന്നേറ്റ് ഈ കാഴ്ച കാണുമ്പോൾ തന്നെ മനസ്സ് നിറയും ❤

      Delete
  3. വസന്തം വിരിഞ്ഞു....പൂക്കൾ...നിറയെ പൂക്കൾ...

    ReplyDelete
    Replies
    1. ഇവിടെ വന്നു വായിക്കുകയും കമന്റ് ചെയ്യുകയും ചെയ്തതു കണ്ടപ്പോൾ, തോട്ടത്തിൽ മാത്രമല്ല എന്റെ മനസ്സിലും ഒരുപാട് സന്തോഷപ്പൂക്കൾ വിരിഞ്ഞു... -💕

      Delete